അന്നൊരു നഴ്സറിക്കാരി ആയിരുന്നു ഞാൻ. മുടവൂരിലെ ജയ് ഹിന്ദ് ലൈബ്രറിയോട് ചേർന്നുള്ള നഴ്സറിയിൽ കലപില വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് ഇന്ന് നേരത്തെ വീട്ടിൽ പോവാം എന്ന് ടീച്ചർ പറഞ്ഞത്. ഇടക്ക് കളി മുടങ്ങിയല്ലോ എന്നോർത്തപ്പോഴും ആലോചിച്ചു ചാച്ചന്റെ കടയിൽ വേഗം ചെന്നാൽ പാൽ ചായയും ഇല അടയും കിട്ടുമാരിക്കും. ഓർത്തപ്പോഴേ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം നിറഞ്ഞു. കുഞ്ഞേച്ചിക്കൊപ്പം ആണ് തിരികെ പോരാറു. അവരെ വിട്ടു കാണുമോ എനോർത്ത് കുഞ്ഞ് തുണിസഞ്ചിയിൽ കളർപെൻസിലും ചോക്കും വാരി വെക്കുമ്പോഴേ കണ്ടു കുഞ്ഞയും കൂട്ടുകാരും വരാന്തയിൽ ഉണ്ട്. ആഹാ ഇന്ന് എല്ലാരേയും നേരത്തെ വിട്ടോ എന്ന സന്തോഷത്തിൽ റോഡിലേക്കു ഓടി ഇറങ്ങിയതും കുഞ്ഞ എന്നെ ചാടിപ്പിടിച്ചു നിർത്തി. ചുണ്ടിൽ കൈ വെച്ച് മിണ്ടല്ലേ എന്ന് സൂചന നൽകി.
എല്ലാരുടെയും മുഖത്തു ആകെ ഗൗരവം. ജയ്‌ഹിന്ദ് കവലയിൽ പതിവ് ബഹളങ്ങൾ ഇല്ല. എങ്ങും ഒരു വിഷാദം.
അയ്യംകുളങ്ങര കേറി പുത്തൻകോട്ടക്കാരുടെ കയറ്റം വലിഞ്ഞു കേറി ലക്ഷം കവലയിൽ എത്തുമ്പോഴും എങ്ങും ഒരു ആളനക്കവും ഇല്ല. ലക്ഷം കവല എത്തിയപോഴേക്കും കണ്ടു അവിടെ ഒരു സ്റ്റൂളിന്റെ മോളിൽ ഇന്ദിരഗാന്ധിയുടെ ചിത്രത്തിൽ പൂക്കൾ വെച്ചിരിക്കുന്നു.
കുഞ്ഞയും കൂട്ടുകാരും എന്തൊക്കെയോ വഴിയിൽ വെച്ച് പറയുന്നുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ ഫോട്ടോ കണ്ടതും ഇവർ പറഞ്ഞ ആൾ ഇത് തന്നെ എന്ന് പിടികിട്ടി.
വെടിയൊച്ച മരണം ഈ രണ്ട് വാക്കുകൾ ഇന്നും ചുട്ടുപഴുത്ത ലോഹത്താൽ തൊട്ടെന്ന പോലെ എന്നെയിന്നും ഉള്ളാലെ പൊള്ളിക്കുന്നുണ്ട്.
നീ കേട്ടോ ആ ശബ്ദം. ഉവ്വെടി ആ ശോശമ്മ ടീച്ചർ ക്ലാസിൽ നിന്നു ഇറങ്ങും മുമ്പ് ഞാനും കേട്ട്. മൂന്ന് തവണ വെടി മുഴങ്ങി. നമ്മുടെ ഇന്ദിരക്ക് ഓടി മാറാൻ പറ്റികാണില്ല. സാരിയൊക്കെ ഉടുത്തു എങ്ങനെ ഓടും. എനിക്കും ആ സംശയം അന്ന് തോന്നിക്കാണണം. ഒരു നാലുവയസുകാരിയുടെ ഓർമകളിൽ ഇന്നും പൊടിപിടിച്ചു നില്കുന്നുണ്ട് ആ ദിവസം.
ആദ്യം ആയി ഞാൻ tv കാണുന്നതും ഇന്ദിരയുടെ സംസ്കാരചടങ്ങുകൾ ആയിരുന്നു. കരിപ്പാക്കുടിക്കാരുടെ വീടിന്റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഡെസ്കിന്റെ മോളിൽ ആയി tv സെറ്റ് വെച്ചിരുന്നു. ആ നാട്ടിലെ പുരുഷാരം മൊത്തം അവിടെ ഉണ്ടായിരുന്നു. മറ്റെവിടെയും അന്ന് tv ഉണ്ടായിരുന്നില്ല. കൂട്ടപ്രാർത്ഥന ആയിരുന്നു അന്ന് ഞങ്ങൾ കുട്ടികൾ എല്ലാരും. തിരിച്ചു പോരും വഴി മടക്കാട്ടിലെ വീടിന്റെ മുന്നിലെ കനാലിൽ ഇറങ്ങി മുങ്ങികുളിക്കാൻ പറഞ്ഞു അമ്മച്ചി. മരണം കൂടിയാൽ കുളിക്കണം അന്നൊക്കെ വീട്ടിൽ. അതേ ഇന്ദിരഗാന്ധിയുടെ മരണം അന്ന് ഞങ്ങളുടെ എല്ലാരുടെയും വീട്ടിൽ സംഭവിച്ചു പോയ ദുരന്തം പോലെ ആയിരുന്നു ഞങ്ങൾ നാട്ടുകാർക്ക്….
ഇന്ദിരഗാന്ധി എന്ന ഭരണാധികാരിയെ.
ഒരുപാട് വർഷങ്ങൾക്കിപ്പുറം ഒരു പബ്ലിക്കേഷന്റെ എഡിറ്റോറിയാൽ സെക്ഷനിൽ ജോലി ചെയ്യുമ്പോഴാണ് ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാക്കിയ ഒരു നോവൽ മുന്നിലെത്തുന്നത്.
സെൽഫ് വർക്കിൽ വന്ന ആ പുസ്തകം അങ്ങനെ അല്ലാതെ ചെയ്യാൻ എന്നാൽ പറ്റുന്നത് എല്ലാം ചെയ്തു. ഗുരുവായൂർ സ്വദേശി ആയിരുന്നു ആ പുസ്തകം എഴുതിയത്. രണ്ട് പക്ഷികൾ കഥ പറയുംപോലെ തുടങ്ങി ഇന്ദിരയുടെ ജീവിതം പൂർണമായും അടയാളപ്പെടുത്തിയ ആ നോവൽ ഇപ്പോൾ എന്തായി എന്ന് അറിയില്ല.
പക്ഷെ ഇന്നും ഉള്ളിലുണ്ട് ഇന്ത്യയെ ഓരോ അണുവിലും സ്നേഹിച്ചിരുന്ന ഇന്ദിരാ ഗാന്ധി എന്ന പേര്.
ഓർമ്മപ്പൂക്കൾ.
– സനിത അനൂപ്