കൊടുങ്ങല്ലൂർ : റോഡ് മുറിച്ച് കടക്കാൻ ഭിന്നശേഷിക്കാരനെ സഹായിക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. തൃശൂർ തിരുവഞ്ചികുളം അമ്പലപ്പറമ്പിൽ വിജയൻ(71) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ തിരുവഞ്ചികുളം കിഴ്ത്തളി റോഡിലായിരുന്നു അപകടം. ഭിന്നശേഷിക്കാരനായ വിവേക് എന്ന യുവാവിനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിജയനെ ത്യശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ വിവേക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചുമട്ടുതൊഴിലാളിയായിരുന്ന വിജയൻ പിന്നീട് ലോട്ടറി വിൽപനയിലേക്ക് മാറിയിരുന്നു. തിരക്കേറിയ റോഡിൽ കുട്ടികളെയും മുതിർന്നവരെയുമെല്ലാം റോഡ് മുറിച്ചുകടക്കാൻ വിജയൻ സഹായിക്കാറുണ്ട്. മാനുഷികമായ അത്തരമൊരു സഹായത്തിനിടയിലാണ് സ്വന്തം ജീവൻ തന്നെ വിജയന് നഷ്ടമായത്.
