തൃശ്ശൂർ: കുന്നംകുളത്ത് ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിനിടെ രണ്ട് തവണ ആന ഇടഞ്ഞു. കീഴൂട്ട് വിശ്വനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പിന് ആനയെ എത്തിച്ചപ്പോഴായിരുന്നു ആദ്യം ആന ഇടഞ്ഞത്. അക്രമാസക്തമായ ആനയെ തളച്ചതിന് ശേഷവും ആന ഉത്സവപറമ്പിലൂടെ വിരണ്ടോടുകയായിരുന്നു.
എഴുന്നള്ളിപ്പിനിടെ ആന വിരണ്ടതോടെ ആനപ്പുറത്തുണ്ടായിരുന്ന നാല് പേർ ചാടിയിറങ്ങി. ഇവർക്ക് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്. തളച്ചതിനുശേഷം സമീപത്തെ പറമ്പിലേക്ക് മാറ്റുന്നതിനിടെയാണ് ആന വീണ്ടും ഇടഞ്ഞത്. ഉത്സവപ്പറമ്പിലൂടെ ആന വിരണ്ടോടി. ആനയെ കണ്ട് ഓടിയ ഒരു സ്ത്രീക്ക് വീണ് പരിക്കേറ്റു. പരിക്കേറ്റ കോച്ചേരി സ്വദേശി മേരിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
