പെരുമ്പിലാവ് സ്‌കൂളിനു സമീപമുള്ള സ്‌റ്റോപ്പിൽ നിർത്താതെ പോകുന്ന ബസുകളെ അൻസാർ വിമൻസ് കോളജിലെ വിദ്യാർഥിനികൾ തടഞ്ഞു. വിദ്യാർഥികളെ കയറ്റാതെ ബസുകൾ പോകുന്നതിനെതിരെ കോളജ് അധികൃതർ പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെയാണു വിദ്യാർഥിനികൾ പ്രതിഷേധവുമായി എത്തിയത്.
കോഴിക്കോട് പോകുന്ന ലിമിറ്റഡ് സ്‌റ്റോപ് ബസുകളാണു കുട്ടികളെ കയറ്റാതെ പോകുന്നത്. ഇതുമൂലം ഒട്ടേറെ പേർ രാത്രി വൈകിയാണു വീട്ടിൽ എത്തുന്നതെന്നു വിദ്യാർഥിനികൾ പറയുന്നു. ദീർഘദൂര ബസുകളായതിനാൽ കുട്ടികളെ കയറ്റുന്നത് നഷ്‌ടത്തിനു ഇടവരുത്തുമെന്ന് ബസുടമകൾ പറയുന്നു. കുറ്റിപ്പുറം വരെ പോകുന്ന ബസുകളും ഹ്രസ്വദൂര ബസുകളും വിദ്യാർഥികളെ കയറ്റുന്നുണ്ട് എന്നാണു ഉടമകളുടെ വാദം.