Thursday, October 10, 2024
HomeBREAKING NEWSജീവിച്ചിരുന്ന രക്തസാക്ഷിക്ക് വിട,സഖാവ് പുഷ്പന്‍ അന്തരിച്ചു
spot_img

ജീവിച്ചിരുന്ന രക്തസാക്ഷിക്ക് വിട,സഖാവ് പുഷ്പന്‍ അന്തരിച്ചു

കൂത്തുപറമ്പ് സമരനായകന്‍ സഖാവ് പുഷ്പന്‍(54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സഹനത്തിന്റെ മഹാസാഗരം താണ്ടിയ കൂത്തുപറമ്പ്‌ സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ഇനി ജനഹൃദയങ്ങളിൽ…

മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവ ഗുരുതരാവസ്ഥയില്‍ പുഷ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന ഡിവൈഎഫ്ഐ സമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ സുഷുമ്‌നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് സഖാവ് പുഷ്പന്‍. അസുഖബാധിതനായ ഓരോതവണയും മരണത്തെ മുഖാമുഖം കണ്ട പുഷ്പന്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. സിപിഐ എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.

കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങള്‍ അധിക്ഷേപിച്ച സന്ദര്‍ഭങ്ങളിലെല്ലാം പുഷ്പന്‍ പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ച പുഷ്പന്‍ ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ ആശയത്തില്‍ വേരുറച്ചത്. സ്‌കൂളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു പുഷ്പന്‍. വീട്ടിലെ തുടരെയുള്ള പ്രയാസം മൂലം പഠനം പാതിവഴിയില്‍ നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പുഷ്പന്‍ സമരത്തില്‍ പങ്കെടുത്തത്.

യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് പുഷ്പനും പരിക്കേറ്റത്. കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ രക്തസാക്ഷികളായി. ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ തളര്‍ന്ന ശരീരവുമായി ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും സമ്മേളനങ്ങളില്‍ പലവട്ടമെത്തി.

ഡിവൈഎഫ്‌ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. നാട്ടിലെ സിപിഐ എം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കുടുംബവുമാണ് സാന്ത്വന തണലായി ഒപ്പമുണ്ടായത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാന്‍ തലശേരി ടൗണ്‍ഹാളിലാണ് ഒടുവിലെത്തിയത്. കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments