Friday, October 18, 2024
HomeCity Newsഗൂഗിൾമാപ്പിലൂടെ എ.ടി.എം കണ്ടെത്തും, മെഷീൻ അടക്കം കവർച്ച ചെയ്യും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’
spot_img

ഗൂഗിൾമാപ്പിലൂടെ എ.ടി.എം കണ്ടെത്തും, മെഷീൻ അടക്കം കവർച്ച ചെയ്യും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍/നാമക്കല്‍: തൃശൂർ എ.ടി.എം കവർച്ചാ കേസിൽ പിടിയിലായത് ‘ഗ്യാസ് കട്ടർ ഗ്യാങ്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവർ മോഷണം പതിവാക്കിയിരുന്നത്. 2021-ൽ കണ്ണൂരിലെ എ.ടി.എം. കവർച്ചാ കേസിന് പിന്നിലും ഇവരായിരുന്നുവെന്നാണ് വിവരം.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. പണം നിറച്ചുവെച്ചിരിക്കുന്ന പ്രമുഖ ബാങ്കിന്റെ എ.ടി.എം. ലക്ഷ്യം വെച്ചായിരുന്നു കവർച്ചാ സംഘം നീങ്ങിയിരുന്നത്. നേരത്തെ ഹരിയാണ, മേവാർ തുടങ്ങിയിടങ്ങളിൽ കവർച്ച നടത്തിയതും ഈ സംഘമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മോഷണത്തിനായി പ്രത്യേക രീതിയായിരുന്നു സംഘം സ്വീകരിച്ചിരുന്നത്.

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ആദ്യം എടിഎമ്മുകൾ ലക്ഷ്യം വെക്കും. ഏതൊക്കെ എടിഎമ്മുകളാണെന്ന് കണ്ടുവെച്ചശേഷം ഗ്യാസ് കട്ടറുമായെത്തി മോഷണം നടത്തുകയായിരുന്നു പതിവ്. എടിഎം പരിസരത്ത് എത്തിയ ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ വേർപ്പെടുത്തി വാഹനത്തിൽ കൊണ്ടു പോകും. തുടർന്ന് വിജനമായ സ്ഥലത്തുവെച്ച് എ.ടി.എമ്മിൽനിന്ന് പണം വേർതിരിച്ചെടുക്കും. അവിടെനിന്ന് സ്വന്തം വാഹനം കണ്ടെയിനറിൽ ഓടിച്ചുകയറ്റി രക്ഷപ്പെടുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് സേലം ഡി.ഐ.ജി. ഇ.എസ്. ഉമ പറഞ്ഞു.

മൂന്ന് എ.ടി.എമ്മുകളില്‍ നിന്നാണ് പ്രതികള്‍ പണം കവര്‍ന്നത്. തൃശൂര്‍ നഗരത്തിലെ ഷൊര്‍ണൂര്‍ റോഡ്, കോലഴി, മാപ്രാണം എന്നിവിടങ്ങളിലെ എ.ടി.എം. മെഷീനുകള്‍ തകര്‍ത്താണ് 65 ലക്ഷം രൂപയോളം കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയില്‍ ഗ്യാസ് കട്ടര്‍ ഉപോഗിച്ച് എ.ടി.എം. മെഷീന്‍ തകര്‍ത്തായിരുന്നു കൊള്ള. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തിയും കേരളാ പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.

ഈ മൂന്ന് എ.ടി.എമ്മുകളും മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് സ്ഥിതിചെയ്യുന്നത്. അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാനും അതിനിടയില്‍ സംസ്ഥാനം വിടാനുമായിരുന്നു ഇതിലൂടെ പ്രതികള്‍ ലക്ഷ്യമിട്ടതെന്നാണ് വിവരം. സി.സി.ടി.വി. ക്യാമറകള്‍ ഇല്ലാത്ത എ.ടി.എമ്മുകളായിരുന്നു ഇവ. കഴിഞ്ഞ ദിവസമാണ് ഈ എ.ടി.എമ്മുകളില്‍ പണം നിറച്ചത്. തിരക്കൊഴിഞ്ഞ ഇടങ്ങളിലെ എ.ടി.എമ്മുകളായതിനാല്‍ പണം അധികം പിന്‍വലിക്കപ്പെട്ടിട്ടില്ല എന്നതും കൊള്ളയ്ക്കായി പ്രതികള്‍ ഈ എ.ടി.എമ്മുകള്‍ തിരഞ്ഞെടുക്കാന്‍ കാരണമായി.

പ്രതികള്‍ വെള്ളിയാഴ്ച രാവിലെ തന്നെ ഷൊര്‍ണൂര്‍-ഒറ്റപ്പാലം വഴി പാലക്കാട്ടേക്കും തുടര്‍ന്ന് അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്കും പോയി. തുടര്‍ന്ന് കോയമ്പത്തൂര്‍ നഗരത്തിന് പുറത്തുകൂടെ വഴി ലോറി നാമക്കല്‍ ഭാഗത്തേക്കാണ് പോയത്. കവർച്ചയ്ക്ക് പിന്നാലെ തമിഴ്നാട് അതിർത്തി ജില്ലകളിലേക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൃഷ്ണഗിരി, ഈറോഡ്, നാമക്കൽ തുടങ്ങിയ ഇടങ്ങളിൽ പോലീസ് ശക്തമയ പരിശോധന ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ നാമക്കൽ ഭാഗത്തുകൂടി ഒരു കണ്ടെയിനർ വന്നു. പോലീസ് കൈ കാട്ടിയിട്ടും നിർത്താൻ കൂട്ടാക്കാതെ വേഗത്തിൽ ഓടിച്ചു പോയി. പിന്നാലെ പോലീസും പോകുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അതിവേഗത്തില്‍ പോകുകയായിരുന്ന കണ്ടെയിനര്‍ ലോറി മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. ഇതിനകം തമിഴ്‌നാട് പോലീസ് ലോറിയെ പിന്തുടരാന്‍ ആരംഭിച്ചിരുന്നു. സിനിമയെ വെല്ലുന്ന ചേസാണ് പിന്നീട് നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പോലീസ് ജീപ്പുകളും ബൈക്കുകളുമെല്ലാം ലോറിയെ പിന്തുടര്‍ന്നു. കണ്ടെയിനര്‍ ലോറിയില്‍ രക്ഷപ്പെടുന്നത് അസാധ്യമെന്ന് തോന്നിയതോടെയാണ് പ്രതികള്‍ അക്രമത്തിലേക്ക് കടന്നത്. കണ്ടെയിനര്‍ നിര്‍ത്തിയ ഉടന്‍ പ്രതികള്‍ പോലീസിന് നേരെ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാനാണ് ഇവര്‍ ശ്രമിച്ചത്.

എന്നാല്‍ സര്‍വസന്നാഹങ്ങളുമായാണ് തമിഴ്‌നാട് പോലീസ് എത്തിയിരുന്നത്. തങ്ങള്‍ക്കുനേരെ വെടിവെപ്പ് ഉണ്ടായതോടെ ഒട്ടും വൈകാതെ ‘കൗണ്ടര്‍ അറ്റാക്ക് മോഡി’ലേക്ക് കടക്കുകയായിരുന്നു പോലീസ്. ഈ വെടിവെപ്പിലാണ് പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെ തമിഴ്‌നാട് പോലീസ് പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലില്‍ ചില പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഈ ‘ഗ്യാസ് കട്ടർ ഗ്യാങ്ങി’ൽ പെട്ടവർ നേരത്തെയും കേരളത്തില്‍ കൊള്ളനടത്തിയിട്ടുണ്ടെന്നാണ് വിവരം. വർഷങ്ങൾക്ക് മുൻപ് കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലാണ് ഇവർ എ.ടി.എം. കൊള്ള നടത്തിയത്. അന്നും തമിഴ്‌നാട്ടിലേക്ക് കടന്ന ശേഷമാണ് പ്രതികള്‍ ഉത്തരേന്ത്യയിലേക്ക് രക്ഷപ്പെട്ടത്.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments