തൃശൂർ നിരത്തിൽ നിന്ന് 6 മീറ്റർ ഉയരത്തിൽ 280 മീറ്റർ വൃത്താകൃതിയിൽ ആകാശത്ത് വട്ടമിട്ടു നടക്കാം.വൃത്താകൃതിയിലുള്ള കേരളത്തിലെ ആദ്യ ആകാശപ്പാത ഇനി തൃശൂരിനു സ്വന്തം. പൂർണമായി ശീതീകരിച്ചും സൗരോർജത്താൽ വൈദ്യുതീകരിച്ചും ആധുനിക സൗകര്യങ്ങളോടെ 11 കോടി രൂപ ചെലവിൽ കോർപറേഷൻ നിർമാണം പൂർത്തീകരിച്ച ശക്‌തൻ നഗർ ആകാശപ്പാത നാടിനു സമർപ്പിച്ചു. 3 മീറ്റർ ആണ് നടപ്പാതയുടെ വീതി.
ഇറങ്ങാനും കയറാനും പടികൾക്കു പുറമെ, 4 വശങ്ങളിലായി ലിഫ്റ്റും സുരക്ഷയ്ക്കായി 20 സിസിടിവി ക്യാമറകളും ഉണ്ട്. 2 സെക്യൂരിറ്റി ഗാർഡുമാരും 4 ലിഫ്റ്റ് ഓപ്പറേറ്റർമാരും സേവനത്തിനുണ്ട്. രാവിലെ 8 മുതൽ രാത്രി 9 വരെയാണ് ആകാശപ്പാതയുടെ സമയം. ആകാശപ്പാതയുടെ സമർപ്പണം മന്ത്രി എം.ബി. രാജേഷും സൗരോർജ പാനലിന്റെയും സിസിടിവി ക്യാമറകളുടെയും ഉദ്ഘാടനം മന്ത്രി കെ.രാജനും നിർവഹിച്ചു.
മേയർ എം.കെ.വർഗീസ് അധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എംഎൽഎ, ഡപ്യൂട്ടി മേയർ എം.എൽ.റോസി, മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ‌് അഡീഷനൽ സെക്രട്ടറി ഡി.താര, കലക്ടർ അർജുൻ പാണ്ഡ്യൻ, അമൃത് മിഷൻ ഡയറക്‌ടർ സൂരജ് ഷാജി, കോർപറേഷൻ സ്‌ഥിരം സമിതി അധ്യക്ഷന്മാരായ വർഗീസ് കണ്ടംകുളത്തി, കരോളിൻ ജെറീഷ്, ശ്യാമള മുരളീധരൻ, പി.കെ.ഷാജൻ, മുകേഷ് കൂളപ്പറമ്പിൽ, സാറാമ്മ റോബ്സൺ, ജയപ്രകാശ് പൂവത്തിങ്കൽ, ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള എന്നിവർ പ്രസംഗിച്ചു.