ആത്മാവിൽ പതിഞ്ഞ മൂന്നക്ഷരം, എസ് പി ബി
എസ് പി ബി എന്നത് സംഗീതപ്രേമികൾക്ക് വെറും മൂന്നക്ഷരം മാത്രമായിരുന്നില്ല. അതൊരു വികാരമായിരുന്നു ആത്മാവിനോട് ചേർത്ത അനേകം ഗാനങ്ങൾ ആയിരുന്നു. പ്ലേബാക്കിലും ലൈവ് ആയും അദ്ദേഹം തീർത്ത സംഗീത മാധുരിയിൽ എത്രയോ ലക്ഷം ആരാധകരുടെ സ്നേഹസന്തോഷങ്ങൾ അലിഞ്ഞു ചേർന്നിരുന്നു. പതിറ്റാണ്ടുകൾ നീണ്ട സംഗീതസപര്യയിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. ഗായകൻ, സംഗീത സംവിധായകൻ, നടൻ, ശബ്‌ദകലാകാരൻ എന്നിങ്ങനെ തെന്നിന്ത്യൻ നിറഞ്ഞാടിയ പ്രതിഭ സൂപ്പർസ്റ്റാർ തലമുറകളുടെ തിളക്കത്തിന് മാറ്റ്കൂട്ടിയ ശബ്‌ദം.
എസ് പി ബാലസുബ്രഹ്മണ്യം; സംഗീതജീവിതവഴികൾ
മാസ്മരിക ശബ്ദത്താൽ സംഗീതപ്രേമികളുടെ മനസ്സു കവർന്ന ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. എന്നാൽ ഗായകൻ എന്ന വിശേഷണത്തിൽ മാത്രം ഒതുക്കാവുന്ന വ്യക്തിത്വമല്ല എസ് പി ബിയുടേത്. സർവകലാവല്ലഭൻ എന്നു വരെ വിശേഷിപ്പിക്കാവുന്ന പ്രതിഭയായ എസ് പി ബി, സംഗീത സംവിധായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, സീരിയൽ അഭിനേതാവ്, ടെലിവിഷൻ അവതാരകൻ, റിയാലിറ്റി ഷോ ജഡ്‌ജ് എന്നിങ്ങനെ നിരവധി മേഖലകളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 16 ഇന്ത്യൻ ഭാഷകളിലായി 40000ത്തിലേറെ പാട്ടുകളാണ് അദ്ദേഹം പാടിയത്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോക റെക്കോർഡ് എസ് പി ബിയുടെ പേരിലാണ്.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിലാണ് 1946ൽ എസ് പി ബിയുടെ ജനനം. ശ്രീപതി പണ്ഡിതാരാധുല ബാലസുബ്രഹ്‌മണ്യം എന്നാണ് എസ് പിബിയുടെ യഥാർത്ഥ പേര്. ഹരികഥാ കലാകാരനായ എസ് പി സാംബമൂർത്തിയും ശകുന്തളാമ്മയുടെയുമായിരുന്നു മാതാപിതാക്കൾ. സംഗീതത്തോട് ഏറെ താൽപ്പര്യം പ്രകടിപ്പിച്ച എസ് പി ബി കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചുതുടങ്ങി. എന്നാൽ മകനെ എഞ്ചിനീയർ ആയി കാണാൻ ആഗ്രഹിച്ച പിതാവ് എസ് പിബിയെ എഞ്ചിനീയറിംഗ് പഠനത്തിന് അയക്കുകയാണ് ചെയ്‌തത്. എഞ്ചിനീയറിംഗ് പഠനത്തിനിടയിലും സംഗീതലോകത്ത് തിളങ്ങിയ എസ് പി ബി നിരവധി മത്സരങ്ങളിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രീയ സംഗീതവും ലളിതസംഗീതവും ഒരുപോലെ ഇണങ്ങുന്ന എസ് പി ബി ഗാനമേള ട്രൂപ്പിൽ നിന്നുമാണ് ചലച്ചിത്രപിന്നണിഗാന രംഗത്ത് എത്തിപ്പെടുന്നത്. 1966-ൽ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന ചിത്രത്തിൽ പാടികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ആസാമി, പഞ്ചാബി, തുളു, ഒറിയ എന്നു തുടങ്ങി പതിനാറോളം ഇന്ത്യൻ ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. നാലു ഭാഷകളിലായി ആറു ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹം നേടി. 25 തവണയാണ് ആന്ധ്ര പ്രദേശ് സർക്കാരിൻ്റെ നന്ദി അവാർഡ് എസ് പിബിയെ തേടിയെത്തിയത്. പാട്ടിന്റെ പാലാഴി എന്നു വിശേഷിപ്പിക്കാവുന്ന എസ് പി ബിയെ പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചു.
ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് റെകോർഡിനൊപ്പം തന്നെ ഒറ്റ ദിവസം 21 പാട്ട് റെക്കോർഡ് ചെയ്‌തും എസ്.പി.ബി അത്ഭുതം സൃഷ്ടിച്ചിരുന്നു. 1981 ഫെബ്രുവരി എട്ടിനായിരുന്നു ആ അത്ഭുത ദിനം. രാവിലെ ഒമ്പതു മണി മുതൽ രാത്രി ഒമ്പതുവരെയാണ് കന്നഡസിനിമയിലെ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകൾ പാടിയത്. ഒരു ദിവസം 19 പാട്ടുകൾ റെക്കോർഡ് ചെയ്തും, പിന്നീടൊരിക്കൽ ഒരു ദിനം 16 ഹിന്ദി പാട്ടുകൾ റെക്കോർഡ് ചെയ്‌തുമൊക്കെ എസ് പി ബി സംഗീതപ്രേമികളെയും ലോകത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.
എസ് പി ബിയുടെ സംഗീതലോകമോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുക ‘കേളടി കൺമണി’ എന്ന ചിത്രത്തിലെ ‘മണ്ണിൽ ഇന്ത കാതൽ’ എന്നു തുടങ്ങുന്ന ഗാനമാവും. ഭൂമിയിൽ പ്രണയമുള്ള കാലത്തോളം ആഘോഷിക്കപ്പെട്ടേക്കാവുന്ന, മാജിക്കൽ സ്വഭാവമുള്ള ‘മണ്ണിൽ ഇന്ത കാതൽ’ എന്ന ഗാനം എസ് പി ബിയുടെ കരിയറിലെ ഏറെ ആഘോഷിക്കപ്പെട്ട പാട്ടുകളിലൊന്ന് കൂടിയാണ്. ‘ശങ്കരാഭരണ’ത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഈ പാട്ടുകൾ എസ് പി ബിയ്ക്ക് ദേശീയ അവാർഡും നേടി കൊടുത്തു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെയാണ് ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങൾ എല്ലാം എസ് പി ബി പാടിയത് എന്നതാണ് മറ്റൊരു വിസ്‌മയം.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ൽ അധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല. ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിൻ്റെ ഗിന്നസ് റെക്കോർഡ് എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ പേരിലാണ്. സിനിമാ പിന്നണി ഗായകനായി മാത്രമല്ല, നടൻ, സംഗീത സംവിധായകൻ, സിനിമാ നിർമ്മാതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ എസ്‌പിബി തിളങ്ങിയിട്ടുണ്ട്.
1969-ൽ പുറത്തിറങ്ങിയ കടൽപ്പാലം എന്ന ചിത്രത്തിൽ വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണമിട്ട ഈ കടലും മറുകടലും എന്ന ഗാനം ആലപിച്ചുകൊണ്ടാണ് എസ് പി ബാലസുബ്രഹ്മണ്യം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത് റാംജി റാവു സ്‌പീക്കിങ്ങിലെ കളിക്കളം ഇത് കളിക്കളം, കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഗാന്ധർവത്തിലെ നെഞ്ചിൽ കഞ്ചബാണം. ഡാർലിങ് ഡാർലിങ്ങിലെ ഡാർലിങ് ഡാർലിങ്, ദോസ്‌തിലെ വാനം പോലെ വാനം മാത്രം, സി.ഐ.ഡി മൂസയിലെ മേനെ പ്യാർ കിയാ അനശ്വരത്തിലെ താരാപഥം ചേതോഹരം തുടങ്ങിയ അനശ്വര ഗാനങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകി. 2001- ൽ പത്മശ്രീയും 2011-ൽ പത്മഭൂഷണും നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ 2020 സെപ്റ്റംബർ 25 ന് ഉച്ചയ്ക്ക് 1.04നായിരുന്നു എസ്‌പിബിയുടെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശരീരത്തിലെ ഓക്സിജൻ്റെ അളവ് കുറഞ്ഞതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി ഇടക്ക് മെച്ചപ്പെട്ടുവെങ്കിലും പെട്ടെന്ന് അവസ്ഥ മോശമായതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
എസ്പിബി എന്ന മൂന്നക്ഷരത്തെ സംഗീതം ലോകവും സംഗീതാസ്വാദകരും ഒരിക്കലും മറക്കില്ല, ആ ശബ്ദ്‌ദത്തിൽ പിറന്ന ഗാനങ്ങൾക്ക് കാലമെത്ര കഴിഞ്ഞാലും ആസ്വാദകരുണ്ടാകും.