ഒളിവിൽ പോയ നടൻ സിദ്ദിഖിനായുള്ള തിരച്ചിൽ ഊർജിമാകുന്നതിനിടെ എറണാകുളം കുട്ടമശ്ശേരിയിലെ വീട്ടിൽ സിദ്ദീഖ് ഇല്ലെന്ന് കെയർടേക്കർ. സിദ്ദിഖ് എവിടെയെന്ന് അറിയില്ലെന്നും കുട്ടമശ്ശേരിയിലെ വീട്ടിൽ വന്നത് പന്ത്രണ്ട് ദിവസങ്ങൾക്ക് മുമ്പാണെന്നും കെയർടേക്കർ പറഞ്ഞു. അടുത്തിടെ ഒരു ദിവസം കണ്ടു. പിന്നെ കണ്ടില്ല. താൻ പുതിയ ആളാണെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും കെയർടേക്കർ പറഞ്ഞു. നിലവിൽ സിദ്ദിന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആണ്.
സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ലൈംഗികാതിക്രമ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. സിദ്ദിഖിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചന. എഎംഎംഎ ജനറൽ സെക്രട്ടറി കൂടിയായിരുന്ന താരം രാജ്യം വിടാതിരിക്കാനാണ് സർക്കുലർ പുറപ്പെടുവിച്ചത്. അതിനിടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ അഭിഭാഷകൻ വഴി സിദ്ദിഖ് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വിവരങ്ങളും പുറത്തേക്ക് വരുന്നുണ്ട്.
അതേസമയം രൂക്ഷ വിമർശനമാണ് സിദ്ദീഖിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്. സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, സമൂഹത്തിൽ സ്ത്രീ ബഹുമാനം അർഹിക്കുന്നുവെന്നും വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിശബ്ദതയിൽ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സിദ്ദിഖിന്റെ വൈദ്യപരിശോധന നടത്തേണ്ടതുണ്ട്. സിദ്ദിഖ് സാക്ഷിയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിക്കെതിരായ സിദ്ദിഖിന്റെ വാദങ്ങളും കോടതി തള്ളി. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.