സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതായി ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ ട്വൻ്റി ഫോറിനോട്. പ്രൊഡക്ഷൻ കൺട്രോളർ വിച്ചുവിനെതിരെയാണ് ആരോപണം. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങാത്തതിനാൽ അവസരങ്ങൾ നഷ്ടപ്പെട്ടു. സീരിയലിലും സമാനമായ സാഹചര്യമുണ്ടായെന്നും അവർ പ്രതികരിച്ചു.
ഞാന്‍ ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ, അമല എന്ന ചിത്രത്തില്‍. അവസരം ലഭിക്കണമെങ്കില്‍ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത്. തനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്. സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള്‍ ഇല്ലാതായയെന്നും സന്ധ്യ പറഞ്ഞു.
അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ താരങ്ങൾക്കെതിരെ വരുന്ന ലൈംഗിക ആരോപണങ്ങളിൽ വലഞ്ഞിരിക്കുകയാണ് അഭിനേതാക്കളുടെ സംഘടന അമ്മ. സംഘടനക്കെതിരായ നടൻ പ്രിത്വിരാജിന്റെ നിലപാടും തിരിച്ചടിയായി. ഇന്ന് ചേരാനിരുന്ന നിർണായക എക്സിക്യൂട്ടീവ് അനിശ്ചിതമായി മാറ്റിവച്ചതും സംഘടനയിലെ ഭിന്നത രൂക്ഷമാക്കി. മോഹൻലാലിനെ ഓൺലൈനായി പങ്കെടുപ്പിച്ച് യോഗം ചേരണമെന്ന അഭിപ്രായമാണ് ഒരു വിഭാഗം ഉയർത്തുന്നത്. എക്‌സിക്യൂട്ടിവ് കമ്മറ്റിയിലെ കൂടുതൽ പേർക്കെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലേക്കാണ് സംഘടന നീങ്ങുന്നത്. അമ്മയിലെ മുതിർന്ന അംഗങ്ങൾ സംഘടന നേതൃത്വവുമായി ഇന്ന് ചർച്ച നടത്തും.