തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനഞ്ചാമത് അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഷനോജ് ആർ.ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ എന്ന പുസ്തകം അർഹമായി. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ഇ.സന്തോഷ്കുമാർ ചെയർമാനും സി.എസ്.ചന്ദ്രിക, വി.കെ.കെ രമേഷ്, ഡോ. രോഷ്നി സ്വപ്ന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരത്തെടുത്തത്.
സജീവമായ നമ്മുടെ കഥാരംഗത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ശേഷിയുള്ള ‘കാലൊടിഞ്ഞ പുണ്യാളന്‍’ എന്ന കഥാസമാഹാരം, മലയാളചെറുകഥയുടെ ആകാശങ്ങളെ ദീപ്തവും വിശാലവുമാക്കിയ സി.വി ശ്രീരാമന്‍ എന്ന വലിയ എഴുത്തുകാരന്റെ പേരിലുള്ള അയനം- സി.വി ശ്രീരാമന്‍ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.
2024 ആഗസ്റ്റ് 30 വെള്ളി വൈകീട്ട് അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പുരസ്കാരം സമർപ്പിക്കും.