ഡയപ്പർ ഡിസ്ട്രോയർ സ്ഥാപിച്ച് മാലിന്യമുക്ത കേരളത്തിന് എളവള്ളി മാതൃക
മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഡയപ്പർ ഡിസ്ട്രോയർ സ്ഥാപിച്ച് എളവള്ളി ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാവുന്നു. കത്തിച്ചാൽ കത്താത്തതും മണ്ണിൽ കുഴിച്ചിട്ടാൽ അഴുകി ചേരാത്തതുമായ ഡയപ്പർ ‘ഡിസ്ട്രോയറിന്‍റെ’ ഒന്നാം ചേമ്പറിലാണ് നിക്ഷേപിക്കുന്നത്. നിക്ഷേപിച്ച ഡയപ്പറുകൾ 850 ഡിഗ്രി സെന്റിഗ്രേഡിലാണ് ഓട്ടോമാറ്റിക് ഇൻഡസ്ട്രിയൽ ബർണറുകൾ ഉപയോഗിച്ച് കത്തിക്കുന്നത്. കത്തുമ്പോൾ ഉണ്ടാകുന്ന വാതകങ്ങളായ ക്ലോറിൻ,ഫ്ലൂറിൻ,നൈട്രജൻ,സൾഫർ ഡൈ ഓക്സൈഡ് എന്നിവ രണ്ടാം ചേമ്പറിലേക്ക് കടക്കും. രണ്ടാം ചേമ്പറിൽ ആയിരം ഡിഗ്രി സെന്റിഗ്രേഡിലാണ് വാതകങ്ങൾ കത്തിക്കുന്നത്. കത്തിയ വാതകങ്ങളുടെ കരിയും പൊടിപടലങ്ങളും സൈക്ലോണിക് സെപ്പറേറ്റർ എന്ന യൂണിറ്റിലേക്ക് പ്രവേശിക്കും.പ്രവേശിച്ച ഭാരമുള്ള പൊടിപടലങ്ങൾ അവിടെ തന്നെ ശേഖരിക്കും.
പിന്നീട് നേരിയ പൊടിപടലങ്ങളും വിഷവാതകങ്ങളും വാട്ടർ സ്ക്രബ്ബർ യൂണിറ്റിലെ വെള്ളത്തിൽ ലയിക്കും.
അന്തരീക്ഷ ഊഷ്മാവിലുള്ള വാതകങ്ങൾ 30 മീറ്റർ ഉയരമുള്ള ചിമ്മിണി വഴി പുറന്തള്ളും.
വായു വെള്ളപ്പുക രൂപത്തിലാണ് പുറന്തള്ളുന്നത്.വാട്ടർ സ്ക്രബ്ബിങ് യൂണിറ്റിൽ സൂക്ഷിച്ചിട്ടുള്ള വെള്ളം സെടിമെൻ്റേഷൻ ടാങ്കിലേക്കും പിന്നീട് സോക്ക്പിറ്റിലേയ്ക്കും ഒഴുകിയെത്തും.
കത്തിക്കുന്ന ഡയപ്പറിന്റെ അഞ്ചു മുതൽ എട്ട് ശതമാനം വരെ ലഭിക്കുന്ന ചാരം ട്രേയിൽ ശേഖരിക്കും. ചിമ്മിനിയിൽ നിന്നും പുക പുറന്തള്ളുന്നത് വേഗത കൂട്ടാൻ ബ്ലോവറും സ്ഥാപിച്ചിട്ടുണ്ട്. ഒരു മണിക്കൂറിന് രണ്ട് കി.ഗ്രാം. എൽ.പി.ജി. യാണ് ഉപയോഗിക്കുന്നത്. കൂടാതെ ഒരു എച്ച്.പി. വൈദ്യുതിയും വേണ്ടിവരും.45 മിനിറ്റ് സമയത്തിനുള്ളിൽ 60 ഡയപ്പറുകളാണ് കത്തിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുള്ളത്.
ഉപഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കി വാർഡ് തോറും ഇലക്ട്രിക് ഓട്ടോ വഴി ഡയപ്പർ ശേഖരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നതെന്ന് പ്രസിഡണ്ട് ജിയോ ഫോക്സ് പറഞ്ഞു.