ഡോ. പ്രതാപ്‌കുമാർ അട്ടിമറി വിജയം നേടുമോ
കൊല്ലം: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇടത്,വലത് മുന്നണികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തി എൻഡിഎ. ബിജെപി സ്‌ഥാനാർഥിയായി മത്സരിക്കുന്ന ഡോ.എൻ പ്രതാപ്‌കുമാർ അപ്രതീക്ഷിത മുന്നേറ്റമാണ് മണ്ഡലത്തിൽ നടത്തിയത്. ഇരുമുന്നണികളുടെയും പ്രതീക്ഷകൾക്കപ്പുറമുള്ള സ്വീകാര്യതയാണ് ഡോ.പ്രതാപ്കുമാറിന് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്.

പതിനെണ്ണായിരത്തിലേറെ ആൻജിയോപ്ലാസ്റ്റി സർജറികൾ നടത്തിയിട്ടുള്ള ഡോ.പ്രതാപ്‌കുമാർ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്‌ധനും ഹൃദയ രക്തധമനിയിലെ സങ്കീർണ ബ്ലോക്കുകൾ നീക്കം ചെയ്യുന്ന പ്രഗത്ഭനായ ഇന്‍റർവെൻഷണൽ കാർഡിയോളജിസ്റ്റുമാണ്. പത്തിലേറെ ശാഖകളുള്ള മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പ് എംഡി കൂടിയായ ഡോ .പ്രതാപ്‌കുമാർ പ്രചാരണ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറി കഴിഞ്ഞു.
രാഷ്ട്രീയത്തിനപ്പുറം കൊല്ലത്തിന്‍റെ അടിസ്‌ഥാന സൗകര്യ വികസനവും, ജനകീയ പ്രശ്നങ്ങളും ഉയർത്തിയാണ് ഡോ. പ്രതാപ്‌കുമാർ പ്രചാരണം നടത്തുന്നത്. ഗൃഹസമ്പർക്കത്തിലൂടെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചുള്ള ശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്. ഇത് വോട്ടർമാർക്കിടയിൽ കാര്യമായ ചലനമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇരു മുന്നണികളുടെയും വിലയിരുത്തൽ. 2006 മുതൽ ഇടത് എം എൽ എ മാരെ മാത്രം ജയിപ്പിച്ചിട്ടുള്ള മണ്ഡലത്തിലെ വികസനമുരടിപ്പ് തന്നെയാണ് മണ്ഡലത്തിൽ ചർച്ചയായത്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 2072 വോട്ടിനാണ് കോൺഗ്രസിലെ ബിന്ദു കൃഷ്ണയെ സിപിഎം സ്‌ഥാനാർഥി എം മുകേഷിനെ പരാജയപ്പെടുത്തിയത്. 2016 ലെ മുകേഷിന്റെ ഭൂരിപക്ഷമായ 17611 ൽ നിന്നാണ് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത്. ഇത്തവണ മുകേഷിന് സീറ്റ് ലഭിച്ചില്ലെങ്കിലും ബിന്ദുകൃഷ്ണ തന്നെയാണ് യുഡിഎഫ് സ്‌ഥാനാർഥി. ഇത്തവണ ഈസി വാക്കോവർ പ്രതീക്ഷിച്ച യുഡിഎഫിനും മണ്ഡലം നിലനിർത്താമെന്ന എൽഡിഎഫിനും കനത്ത വെല്ലുവിളി ഉയർത്തിയാണ് എൻഡിഎ സ്‌ഥാനാർഥിയുടെ മുന്നേറ്റം. 14252 വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സ്‌ഥാനാർഥി നേടിയത്. ഇത്തവണ വോട്ട് ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവർത്തകർ പ്രചാരണം തുടങ്ങിയത്.

പ്രചാരണം രണ്ടാം റൗണ്ട് കഴിഞ്ഞതോടെ അപ്രതീക്ഷിത മുന്നേറ്റമാണ് എൻഡിഎ സ്‌ഥാനാർഥി ഡോ. പ്രതാപ്‌കുമാർ നടത്തിയത്. കൊല്ലം റെയിൽവേസ്റ്റേഷൻ വികസനം, കൊല്ലം ബൈപ്പാസ് തുടങ്ങിയ കേന്ദ്ര പദ്ധതികളിലൂടെ മോദി സർക്കാരിന് അനുകൂലമായ ജനവികാരം കൊല്ലത്തെ ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. പ്രചാരണത്തിനിടെ ജനകീയ വിഷയങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തി മുന്നോട്ട് പോകുന്ന പ്രതാപ്‌കുമാർ മണ്ഡലമാകെ വികസന അജണ്ട ചർച്ചയാക്കുന്നുമുണ്ട്. കണ്ടു പഴകിയ രാഷ്ട്രീയ നേതാക്കളിൽ നിന്ന് വേറിട്ട ശൈലിയുമായി പ്രചാരണം നടത്തുന്ന ഡോ.പ്രതാപ്‌കുമാർ കൊല്ലത്തിന്റെ മനസ് കീഴടക്കി കഴിഞ്ഞു. കൊല്ലത്ത് എൻഡിഎ അട്ടിമറി വിജയത്തിലേക്ക് വരെ പോയേക്കാമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകർ


