തൃശൂർ: വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌ങ്ങൾക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ കൂടുതൽഅന്വേഷണം. പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. ഫോറൻസിക് വിഭാഗത്തിൻ്റേതാണ് തീരുമാനം.കുഞ്ഞിന്റെ മരണ കാരണം ഇപ്പോഴും അവ്യക്തമാണ്. ജനുവരിയിലാണ് മുഹ്സിനയുടെ പ്രസവം നടന്നത്. ആറു ദിവസത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നില്ല. പ്രസവശേഷം പരിചരണം ലഭിക്കാത്തതാണ് കുഞ്ഞിൻ്റെ മാതാവ് മുഹ്സിനയുടെ മരണ കാരണം.
മുഹ്സിനയുടെ ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധയുണ്ടായെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. മറ്റൊരു യുവതിയാണ് അശാസ്ത്രീയ അക്യുപങ്ചർ ചികിത്സ നൽകിയത്. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം പൊലീസ് നിരീക്ഷണത്തിലാണ്. എടക്കഴിയൂർ സ്വദേശിയായ മുഹ്സിന ജനുവരി ആറിനാണ് വീട്ടിൽവെച്ച് പ്രസവിച്ചത്. ഇവരുടെ ഏഴാമത്തെ പ്രസവമായിരുന്നു. ഈ പ്രസവം മാത്രമാണ് വീട്ടിൽ വെച്ച് നടത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. നേരത്തെ ഇവരുടെ രണ്ട് കുട്ടികൾ മരിച്ചിരുന്നു. അക്യുപങ്ചറിസ്റ്റായ ഭർത്താവ് ഇബ്രാഹിനെതിരെ ഗുരുതരമായ പരാതികളാണ് മുഹ്സിനയുടെ കുടുംബം ആരോപിച്ചത്.


