തൃശൂർ: പാടം പൂത്ത കാലം കാണാൻ, പാടത്തേക്ക് അവർ എത്തി…. പഠനത്തെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി അന്തിക്കാട് കെ.ജി.എം. സ്കൂളിലെ കുട്ടികൾക്കായി 1500 ഏക്കർ വിസ്തൃതിയുള്ള അന്തിക്കാട് കൊയ്ത്തുപാട സന്ദർശനം സംഘടിപ്പിച്ചു. നെൽകൃഷിയിടത്തിൽ എത്തിയ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മുതിർന്ന കർഷകൻ അറയ്ക്ക വീട്ടിൽ മുഹമ്മദ് ലളിതമായി വിശദീകരിച്ചു നൽകി. വിത്തുവിതയ്ക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള പ്രവർത്തനങ്ങൾ ലളിതമായി അവതരിപ്പിച്ചതോടെ കുട്ടികൾക്ക് കൃഷിയോടുള്ള കൂടുതൽ ആകർഷണം ഉണ്ടായി. കൊയ്ത്‌തുപണികൾ നേരിൽ കണ്ടത് കുട്ടികൾക്ക് പുതിയ അനുഭവമായി.
നെൽകതിരുകൾ കൊയ്യുന്ന രീതിയും നെയ്തെടുക്കുന്ന നെല്ല് ചാക്കിലാക്കുന്നതുവരെയും, ഉപയോഗിക്കുന്ന ഉപകരണങ്ങളും കുട്ടികൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചു. കർഷകരുടെ കഠിനാധ്വാനത്തെക്കുറിച്ചുള്ള അവബോധം കുട്ടികൾക്ക് ലഭിച്ചു.പാഠപുസ്‌തകങ്ങളിലൊതുങ്ങുന്ന അറിവുകളെക്കാൾ ഇത്തരം അനുഭവപാഠങ്ങൾ കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് സഹായകരമാണെന്ന് പ്രധാനധ്യാപകൻ ജോഷി ഡി. കൊള്ളന്നൂർ അഭിപ്രായപ്പെട്ടു. പ്രകൃതിയോടുള്ള അടുപ്പവും കൃഷിയോടുള്ള ആദരവും വളർത്തുന്നതിനുള്ള മികച്ച അവസരമായിരുന്നു ഈ സന്ദർശനം. വിളഞ്ഞു നിൽക്കുന്ന നെൽപ്പാടത്തിന്റെ സൗന്ദര്യം കുട്ടികൾ ആസ്വദിച്ചു. സന്തോഷവും കൗതുകവും നിറഞ്ഞ ഈ പഠനയാത്ര കുഞ്ഞുങ്ങളുടെ മനസിൽ മറക്കാനാകാത്ത ഓർമ്മയായി മാറി. പ്രധാന അധ്യാപകൻ ജോഷി ഡി. കൊള്ളന്നൂർ, അധ്യാപകരായ കെ. റോഷ്‌നി, എൻ.ജി. ലിനി, ആന്റണി ജോസഫ് എന്നിവർ നേതൃത്വം നൽകി.


