കോണ്‍ഗ്രസ് കൈവിട്ടതോടെ സിപിഐ പുറത്താക്കിയ തൃശൂര്‍ നാട്ടികയിലെ സിറ്റിങ് എംഎല്‍എ സി സി മുകുന്ദന്‍ ബിജെപിയില്‍. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ ഷാള്‍ അണിയിച്ച് സിസി മുകുന്ദനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പിന്തുണ നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ബിജെപി വച്ചുനീട്ടിയ സീറ്റ് മുകുന്ദന്‍ സ്വീകരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിലുറച്ച് ഇപ്പോഴും വളരെ സാധാരണ ജീവിതം നയിച്ചുവരുന്ന മുകുന്ദനെ സ്വന്തം പാര്‍ട്ടി കൈവിട്ടതിനാല്‍ ബിജെപി നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നുവെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ നമോ ഭവനിലെത്തിയാണ് സിസി മുകുന്ദന്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. എ എന്‍ രാധാകൃഷ്ണനൊപ്പം മുതിര്‍ന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും സി സി മുകുന്ദനെ ബിജെപിയിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസ് കൈവിട്ടതോടെയാണ് സിസി മുകുന്ദന്‍ ബിജെപി പാളയത്തിലേക്ക് എത്തുന്നത്. കോണ്‍ഗ്രസ് പിന്തുണക്കില്ലെന്ന് അറിയിച്ചതോടെ ബിജെപി സിസി മുകുന്ദനെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ സി സി മുകുന്ദനെ കൂടി പരിഗണിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഉറപ്പ്.
ഇടതു വോട്ടുകള്‍ സി സി മുകുന്ദന്‍ പിടിച്ചാല്‍ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍. സ്വതന്ത്രനായി മത്സരിച്ച് ശക്തി തെളിയിക്കാന്‍ മുകുന്ദനോട് കോണ്‍ഗ്രസ് നിര്‍ദേശം. മുകുന്ദന് പിന്തുണ നല്‍കിയാല്‍ ഇടത് വോട്ടുകള്‍ എല്‍ഡിഎഫിനായി ഏകോപിപ്പിക്കപ്പെടും എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ബിജെപിയുമായി സഖ്യത്തിലേക്കില്ലെന്നായിരുന്നു സിസി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നത്. സിപിഐയും കോണ്‍ഗ്രസും കൈവിട്ടതോടെ ബിജെപിയിലേക്കെത്തുമെന്നാണ് വിവരം. ബിജെപി ഓഫീസിലെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ശേഷം വാര്‍ത്താ സമ്മേളനം നടത്തും.


