തൃശൂർ: മരണത്തിന് ശേഷവും നാലുപേരുടെ ജീവിതത്തിൽ വെളിച്ചമായി വയോധിക ദമ്പതികൾ. പ്രായാധിക്യം ഈ ലോകത്തുനിന്നും യാത്രയാക്കിയ നെല്ലിശേരി മാത്യുവിൻ്റെ അരികിലേയ്ക്ക് മൂന്നാം നാൾ ജീവിത പങ്കാളി മേരിയും യാത്രയായതോടെ ഇരുവരിലൂടെ പരിചിതരല്ലാത്ത നാലു പേർ കൂരിരുട്ടിൽനിന്ന് മോചിതരായി. മാത്യുവും മേരിയും തങ്ങളുടെ നേത്രപടലങ്ങൾ ദാനം ചെയ്തിരുന്നു. മാർച്ച് മൂന്നാം തീയതിയാണ് മാത്യു നിര്യാതനായത്. രണ്ടു പേർക്ക് കാഴ്ച പകരാനായി വാടാനപ്പള്ളി സെന്റ്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാത്യുവിന്റെ നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രി നേത്ര ബാങ്കിലേയ്ക്ക് ദാനം ചെയ്യാൻ പരേതൻ്റെ കുടുംബം സന്നദ്ധരായി.ഭർത്താവിന്റെ വിയോഗത്തിൽ മനോവിഷമത്തിലായിരുന്ന ഭാര്യ മേരിയും (85) ഇന്ന് ഉച്ചയ്ക്ക് മരിച്ചു. ഇതോടെ മേരിയുടെ നേത്രപടലങ്ങൾ കൂടി ലിറ്റിൽ ഫ്ളവർ കണ്ണാശുപത്രിയിലേയ്ക്ക് ദാനം ചെയ്തു. നാല് പേർക്ക് വെളിച്ചമേകിയാണ് വയോധിക ദമ്പതിമാരുടെ മരണം.മേരിയുടെ സംസ്‌കാരം ശനിയാഴ്‌ച രാവിലെ 11ന് വാടാനപ്പള്ളി സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ. റിട്ട. സൈനികനാണ് മാത്യു. മക്കൾ: ബെന്നി, ഡ്രെയ്‌സൻ, ഷോയ്. മരുമക്കൾ: ഷീബ, പ്രസന്ന, ക്രിസ്റ്റി.


