ഗുരുവായൂർ:കെഎസ്ആർടിസി ഗുരുവായൂർ ജില്ലാ ഡിപ്പോ കെട്ടിട സമുച്ചയത്തിൻ്റെ കല്ലിടലും ഡ്രൈവിങ് സ്കൂളിന്റെ ഉദ്ഘാടനവും മന്ത്രി കെ ബി ഗണേഷ്കുമാർ നിർവഹിച്ചു. എൻ കെ അക്ബർ എംഎൽഎയുടെ പ്രാദേശിക ആസ്തിവികസന ഫണ്ടിൽ നിന്നനുവദിച്ച നാല് കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. 6,800 ചതുരശ്ര അടിയിലായി ആറ് സ്യൂട്ട് റൂമുകളും ഒരു ഡോർമെറ്ററിയും ഒരു റസ്റ്റോറന്റും ശൗചാലയങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർ പി കെ സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ആർടിസി സിഎംഡി പി എസ് പ്രമോജ് ശങ്കർ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി എം താഹിർ, വാർഡ് കൗൺസിലർ കൃഷ്‌ണപ്രിയ, തിരുവനന്തപുരം എസ്ടിസി പ്രിൻസിപ്പൽ ആർ എസ് സലീംകുമാർ, ഡിസ്ട്രിക്ട‌് ട്രാൻസ്പോർട്ട് ഓഫീസർ കെ പി രാധാകൃഷ്‌ണൻ, സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, പൂജപ്പുര രാധാകൃഷ്‌ണൻ, ടി പി ഷാഹു, പി കെ സൈതാലിക്കുട്ടി, ആർ ടി എ ഗഫൂർ, എം മോഹൻദാസ്, പി ഐ സൈമൺ എന്നിവർ സംസാരിച്ചു.


