തൃശൂരിൽ ബിജെപിക്ക് ഭീഷണി ഉയർത്തി മുൻ ജില്ലാ പ്രസിഡന്റ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച് മുൻ ജില്ലാ പ്രസിഡന്റ് ശ്രീശൻ അടിയാട്ട്. ആർ.എസ്.എസ് -ബിജെപി അനുഭാവികളുടെയും പ്രവർത്തകരുടെയും യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ത്രികോണ മത്സരവും വിജയ സാധ്യതയും പ്രതീക്ഷിക്കുന്ന മണ്ഡലത്തിലാണ് ബിജെപിക്ക് ശ്രീശൻ വെല്ലുവിളി ഉയർത്തുന്നത്. മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രചരണ സമിതി ചെയർമാനുമായിരുന്ന ശ്രീശന് ഹിന്ദുത്വ വോട്ടുകളെ സ്വാധീനിക്കാനായേക്കുമെന്ന് പാർട്ടിയിൽ ആശങ്ക.2009 ലാണ് ശ്രീശനെ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ബിജെപി പുറത്താക്കിയത്. 17 വർഷം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്ത നേതൃത്വത്തിന്റെ സമീപനത്തിനെതിരായാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ശ്രീശൻ പറഞ്ഞു.
16 വർഷമായി പാർട്ടിക്ക് പുറത്തു നിൽക്കുന്ന തന്നെ തിരിച്ചെടുക്കാൻ രാജീവ് ചന്ദ്രശേഖരൻ തയ്യാറായിട്ടും ചിലർ സ്വാർത്ഥ ലാഭത്തിനായി അത് തടസ്സപ്പെടുത്തുകയായിരുന്നു എന്ന് ശ്രീശൻ ആരോപിച്ചു. തൃശ്ശൂരിൽ വെറും 15,000 പേർ മാത്രം അംഗത്വം ഉണ്ടായിരുന്ന ബിജെപിയെ ഒരു ലക്ഷത്തി മുപ്പതിനായിരം പേരായി വളർത്തിയതും പാർട്ടിക്ക് ആസ്ഥാനമന്ദിരം നിർമ്മിച്ചതും തൻ്റെ കാലത്തായിരുന്നു.താൻ കടന്നുവന്നാൽ പലർക്കും ഇപ്പോഴുള്ള സുഖസൗകര്യങ്ങൾ നഷ്‌ടപ്പെടുമോ എന്ന് ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഫണ്ട് പാർട്ടിക്കാർ തന്നെ കൊള്ളയടിക്കുകയാണ്. തന്റെ കാലത്തായിരുന്നെങ്കിൽ ഇത്തരക്കാർക്ക് മുട്ടു വിറക്കുമായിരുന്നു എന്നും അദ്ദേഹം തുറന്നടിച്ചു.


