ഗുരുവായൂർ:കോട്ടപ്പടി, തൊഴിയൂർ, അഞ്ഞൂർ മേഖലകളിൽ വീടുകളും കടകളും കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ മൂന്നുപേരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊട്ടാരക്കര മേലില ഷെഫീഖ് മൻസിലിൽ റഫീഖ് (44 – സതീഷ്), ചാവക്കാട് തിരുവത്ര കണ്ണാച്ചി വീട്ടിൽ അനിൽ (24), ഗുരുവായൂർ കോട്ടപ്പടി പുന്നത്തൂർ റോഡ് പൂത്തിയിൽ വീട്ടിൽ ശ്രീക്കുട്ടൻ (24) എന്നിവരാണ് പിടിയിലായത്. വിവിധ ജില്ലകളിലായി നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് റഫീഖ്. മാലപൊട്ടിക്കൽ കേസിൽ പ്രതികളായ അനിലും ശ്രീക്കുട്ടനും ജയിലിൽ വച്ചാണ് റഫീഖിനെ പരിചയപ്പെട്ടത്. ആളില്ലാത്ത വീടുകൾ കണ്ടുപിടിച്ച് റഫീഖിന് വിവരം നൽകിയിരുന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ജനുവരി നാലിന് രാത്രി ഗുരുവായൂർ കോട്ടപ്പടി വലിയപുരയ്ക്കൽ വിപിനന്റെ വീട് കുത്തിത്തുറക്കാൻ ശ്രമിച്ചതും 13-ന് രാത്രി തൊഴിയൂരിലെ ഹോട്ടൽ, സൂപ്പർ മാർക്കറ്റ്, മെഡിക്കൽ ഷോപ്പ്, മദ്രസ തുടങ്ങി അഞ്ചോളം സ്ഥാപനങ്ങളിലും മോഷണം നടത്തിയതും റഫീഖാണെന്ന് പൊലീസ് കണ്ടെത്തി. ഗുരുവായൂർ റോഡിലെ അലീഫ് ഹോട്ടൽ, എപികെ സൂപ്പർ മാർക്കറ്റ്, ട്രൂ കെയർ മെഡിക്കൽസ്, മാളിയേക്കൽ പടിയിലെ മദ്രസ, ഇതിന് സമീപത്തെ പലചരക്ക് കട എന്നിവിടങ്ങളിലാണ് ബുധനാഴ്‌ച പുലർച്ചെ മോഷ്ടാക്കൾ കയറിയത്. എപികെ സൂപ്പർ മാർക്കറ്റിൽനിന്ന് 5000 രൂപയും കടയിലെ സിസിടിവി കാമറകളും ഡിവിആറും ഇയാൾ മോഷ്ടിച്ചിരുന്നു. ട്രൂ കെയർ മെഡിക്കൽസിൽ നിന്ന് 12,000 രൂപയും മൊബൈൽ ഫോണും കവർന്നു. മദ്രസയിലും സമീപത്തെ പലചരക്ക് കടയിലും അലീഫ് ഹോട്ടലിലും കവർച്ചാശ്രമം നടത്തി. തൊഴിയൂർ ചേറ്റട്ടി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു.


