തൃശൂർ:കേരളത്തിന്റെ കലാകൗമാരം സംഗമിച്ചെത്താൻ ഇനി പത്തുനാൾ മാത്രം. സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഒരുക്കങ്ങൾ തകൃതിയായി. 25 വേദികളിലാണ് മത്സരം. പ്രധാന വേദികളുടെ പന്തൽ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഭക്ഷണമൊരുക്കുന്ന ഇൻഡോർ സ്റ്റേഡിയം പരിസരത്ത് കലവറ പന്തലിന്റെ നിർമാണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ഊട്ടുപുര പന്തലിന്റെ നിർമാണം ശനിയാഴ്ച്‌ച ആരംഭിക്കും. ഇതര വേദികളുടെയും നിർമാണം ആരംഭിച്ചു. പത്താം തീയതിക്കകം വേദികളുടെ നിർമാണം പൂർത്തിയാവും. ജനുവരി 14നാണ് കലോത്സവം ആരംഭിക്കുക. 13ന് എത്തുന്നവർക്കും ഭക്ഷണം നൽകാൻ കഴിഞ്ഞദിവസം ചേർന്ന ഭക്ഷണ സബ്കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരത്തിന് സമീപമുള്ള സ്ക്‌കൂളുകളാണ് മത്സരാർഥികൾക്ക് താമസിക്കാനായി ഒരുക്കുന്നത്. 14ന് രാവിലെ 10ന് തേക്കിൻകാട് മൈതാനിയിൽ കിഴക്കേനടയ്ക്ക് സമീപമുള്ള വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. 18ന് സമാപന സമ്മേളനത്തിൽ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ മുഖ്യാതിഥിയാകും. അഞ്ചുദിവസം 25 വേദികളിൽ 239 ഇനങ്ങളിലാണ് മത്സരം. ഹൈസ്‌കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 ഇനങ്ങൾ വീതവും മത്സരത്തിനുണ്ടാവും. പാലസ് ഗ്രൗണ്ടിലാണ് ഭക്ഷണശാല. ഗവ. മോഡൽ ബോയ്‌സ് എച്ച്എസ്എസിലാണ് രജിസ്ട്രേഷൻ. പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഗവ. മോഡൽ ജിവിഎച്ച്എസ്എസിൽ പ്രവർത്തിക്കും.


