തൃശൂർ: ചേലക്കര എളനാട് റോഡിൽ സഹോദരങ്ങളായ വിദ്യാർത്ഥികളെ ട്രാവലർ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ചാക്കപ്പൻപടി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. അപകടത്തിൽ ചേലക്കര എസ്എംടി സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ (13), മുഹമ്മദ് ബഷീഷ് (12) എന്നിവർക്കാണ് പരിക്കേറ്റത്.
പരീക്ഷയ്ക്കായി പോകാൻ വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ റോഡ് മുറിച്ചുകടന്ന് ബസ് കയറാൻ ശ്രമിക്കുന്നതിനിടെ ചേലക്കരയിൽ നിന്നും എളനാട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ട്രാവലർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടികളെ ഉടൻതന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്തിമഹാകാളൻകാവ് റോഡിൽ താമസിക്കുന്ന കുന്നത്ത് വീട്ടിൽ അലി -ഹാജിറ ദമ്പതികളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തെത്തിയ ചേലക്കര പൊലീസ് അപകടമുണ്ടാക്കിയ ട്രാവലർ കസ്റ്റഡിയിലെടുത്തു.


