തൃശൂർ: ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ ആവേശപൂർവം പങ്കാളികളായി ജനങ്ങൾ. തെരഞ്ഞെടുപ്പുകമീഷൻ്റെ പ്രാഥമിക കണക്കുപ്രകാരം 72.47 ശതമാനം പോളിങ് രേഖപ്പെടുത്തി. 19,96,041 പേർ വോട്ട് രേഖപ്പെടുത്തി. 27,36,817 വോട്ടർമാരാണ് ജില്ലയിൽ ആകെയുള്ളത്. ത്രിതല പഞ്ചായത്തുകളിൽ 73.68 ശതമാനവും തൃശൂർ കോർപറേഷനിൽ 62.45ശതമാനവുമാണ് പോളിങ്. വോട്ടെണ്ണൽ ശനിയാഴ്‌ച രാവിലെ എട്ടിന് ആരംഭിക്കും. 2020ൽ 75.07 ശതമാനവും 2015ൽ 78.05 ശതമാനവുമായിരുന്നു ജില്ലയിലെ പോളിങ്. വൈകിട്ട് ആറിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്‌പോഴും പലയിടങ്ങളിലും നീണ്ടനിര അവശേഷിച്ചു. വരിയിൽ നിന്നവർക്കെല്ലാം വോട്ടുചെയ്യാൻ അവസരം നൽകി. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് ആദ്യ മണിക്കൂർ പിന്നിടുന്പോഴേക്കും 5.13 ശതമാനംപേർ സമ്മതിദാനം വിനിയോഗിച്ചു. 9.30 ഓടെ 15.47 ശതമാനവും 10.30ന് 25 ശതമാനവും പന്ത്രണ്ടോടെ 40 ശതമനവുമായി ഉയർന്നു.പകൽ ഒന്നോടെ ജില്ലയിലെ ആകെ വോട്ടിങ് 50 ശതമാനം കടന്നു. മൂന്നിന് 60 ശതമാനവും നാലിന് 66.66 ശതമാനവും അഞ്ചിന് 70. 03 ശതമാനവും ആറിന് 71.31 ശതമാനവുമായി ഉയർന്നു. രാവിലെ പലയിടത്തും വോട്ടിങ് യന്ത്രം തകരാറിലായി. ചിലയിടത്ത് രണ്ടുമണിക്കൂർ വരെ വോട്ടെടുപ്പ് തടസ്സപ്പെട്ടു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും മികച്ച പോളിങ് തുടർന്നപ്പോൾ കോർപറേഷനിൽ താരതമ്യേന വേഗത കുറഞ്ഞു. നഗരസഭകളിൽ കുന്നംകുളം – 73.58, ഇരിങ്ങാലക്കുട – 71.69, കൊടുങ്ങല്ലൂർ – 77.41, ചാവക്കാട് – 73.29, ഗുരുവായൂർ – 69, ചാലക്കുടി -71.18, വടക്കാഞ്ചേരി – 74.07 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.


