വടക്കാഞ്ചേരി:വടക്കാഞ്ചേരി നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കള്ള വോട്ട് ചെയ്യാനെത്തിയ കോൺഗ്രസുകാരൻ പിടിയിൽ. കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിലുണ്ടായിരുന്ന മങ്കരതരി പീടികയിൽ അൻവർ (42) ആണ് പിടിയിലായത്. പരാജയഭീതിയിൽ കള്ളവോട്ടിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതോടെ പുറത്തായത്. എങ്കക്കാട് രാമസ്‌മാരക എൽപി സ്‌കൂളിലെ ബൂത്തിൽ വ്യാഴം പകൽ 1.30 ഓടെയാണ് സംഭവം. വോട്ടുചെയ്യാനെത്തിയ ഇയാളുടെ വിരലിൽ പാതിമാഞ്ഞ മഷി കണ്ടപ്പോൾ എൽഡിഎഫ് ഏജൻ്റ് നുറുദ്ദീന് സംശയം തോന്നിയതിനെ തുടർന്ന് ചലഞ്ച് ചെയ്തു. തുടർന്ന് പ്രിസൈഡിങ്ങ് ഓഫീസർ നടത്തിയ പരിശോധനയിലാണ് അൻവർ പിടിയിലായത്. കുളപ്പുള്ളി മസ്ജിദിൽ മുക്രിയായ അൻവർ പിടി കോളേജ് ബൂത്തിൽ രാവിലെ വോട്ടുചെയ്‌തിട്ടുണ്ട്. ഇതിനു ശേഷമാണ് ഇയാൾ കള്ളവോട്ട് ചെയ്യാനായി എങ്കക്കാട് ബൂത്തിലെത്തിയത്. ഇയാളെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു


