കൊടകര : വിൽപ്പനയ്ക്കായി 17.50 ലിറ്റർ വിദേശ മദ്യം വീട്ടിൽ സൂക്ഷിച്ച സ്ഥാനാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് എട്ടാം വാർഡിൽനിന്നും ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ച നെല്ലായി പന്തല്ലൂർ സ്വദേശി ചേന്ദമംഗലത്ത് വീട്ടിൽ പോൾസണി(41) നെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയാണ്. വ്യാഴാഴ്‌ച പകൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം പിടികൂടിയത്. അറസ്റ്റ് ചെയ്ത് പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഓട്ടോ ചിഹ്നത്തിലാണ് പ്രതി പഞ്ചായത്തിലേക്ക് മത്സരിച്ചത്. കൊടകര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി കെ ദാസ്, എസ്ഐ എം ആർ കൃഷ്‌ണപ്രസാദ്, ജിഎഎസ്ഐ ഷീബ അശോകൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


