തിരുവനന്തപുരം: നടിയെ ആക്രമിച്ച രകേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് സാംസ്‌കാരിക പ്രവർത്തകർ. തിരുവനന്തപുരം മാനവീയം വീഥിയിലും കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുമായിരുന്നു ‘അവൾക്കൊപ്പം’ പ്രതിഷേധ കൂട്ടായ്മ.
തിരുവനന്തപുരത്ത് പന്തം തെളിയിച്ചായിരുന്നു ഐക്യദാർഢ്യത്തിന് തുടക്കം കുറിച്ചത്. കൂട്ടായ്മയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിച്ചു. സർക്കാർ അതിജീവിതയ്ക്ക് ഒപ്പമാണെന്നും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാമെന്നും അദ്ദേഹം പറഞ്ഞു
അവൾക്ക് നീതി കിട്ടുന്നതുവരെ ഇടതുപക്ഷ സർക്കാർ ഒപ്പമുണ്ടാകും. അവൾ ഒരാളല്ല, അവൾ നമ്മളാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടി വി പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ റോഷിപാലും സംസാരിച്ചു. കോടതിയിലെ ജഡ്‌ജിമാർ സംശയാതീതരായിരിക്കണമെന്ന് എഴുത്തുകാരി സിഎസ് ചന്ദ്രിക പറഞ്ഞു. കോടതി വിധി നിരാശ ഉണ്ടാക്കുന്നതാണെന്നും പൊതു സമൂഹത്തിന് മുന്നിൽ ദിലീപ് കുറ്റക്കാരൻ ആണെന്നും കോഴിക്കോട് പരിപാടിയിൽ സംസാരിച്ച സാമൂഹ്യ പ്രവർത്തക കെ അജിത പറഞ്ഞു.


