തൃശൂർ: കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച കൊച്ചുവേലായുധൻ്റെ വീട് നിർമ്മാണം പൂർത്തിയാക്കി സിപിഐഎം. 75 ദിവസം കൊണ്ടാണ് ചേർപ്പ് പുള്ളിൽ സിപിഐഎം കൊച്ചു വേലായുധന് വീടൊരുക്കിയത്.അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പിന് ശേഷം വീട് കൈമാറും.സിപിഐഎം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്. രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള 600 സ്ക്വയർ ഫീറ്റ് വീടാണൊരുക്കിയത്. ആലപ്പാട് സ്വദേശി കരുമാരശ്ശേരി ശശിധരനും സിപിഐഎമ്മിനൊപ്പം ചേർന്ന് ഭവന നിർമ്മാണത്തിനായി സഹായിക്കുന്നുണ്ട്.
കലുങ്ക് സംവാദത്തിനിടെ തനിക്ക് നിവേദനം നൽകാനെത്തിയ കൊച്ചു വേലായുധനെ മടക്കി അയക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിരുന്നു. സംവാദം നടന്നുകൊണ്ടിരിക്കേയാണ് കൊച്ചു വേലായുധൻ നിവേദനവുമായി വന്നത്. നിവേദനം ഉൾക്കൊള്ളുന്ന കവർ സുരേഷ് ഗോപിക്ക് നീട്ടിയപ്പോൾ ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തിൽ പറയൂ’ എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്‌തത്.


