ചാലക്കുടി: സ്വകാര്യ പറമ്പിലെ ജീർണിച്ച തെങ്ങ് റോഡിലേക്ക് വീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. കെഎസ്ആർടിസി സ്റ്റാൻഡിന് പിന്നിൽ സോളമൻ അവന്യൂവിൽ അന്ന (11), മംഗലത്ത് ഐറിൻ (14) എന്നിവർക്കാണ് പരിക്കേറ്റത്. സമീപത്തെ കനാൽ ബണ്ട് റോഡിലൂടെ സൈക്കിളിൽ പോകുന്നതിനിടെയാണ് തെങ്ങ് മറിഞ്ഞ് വീണത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. തെങ്ങിനടിയിൽപ്പെട്ട സൈക്കിൾ പൂർണമായി തകർന്നു. തെങ്ങ് വീണതിനെത്തുടർന്ന് വൈദ്യുതി കമ്പികൾ പൊട്ടിവീണു. വലിയ ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. ഞായർ വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. അപകടാവസ്ഥയിലായ തെങ്ങ് മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന ആരോപണമുണ്ട്. ഈ റോഡിൽ കെഎസ്ആർടിസിയുടെ മതിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇത് പൊളിച്ചുമാറ്റണമെന്ന ആവശ്യവും ബന്ധപ്പെട്ടവർ ചെവികൊണ്ടിട്ടില്ല. വിദ്യാർഥികളടക്കം നിരവധി പേർ പോകുന്ന റോഡിനോട് ചേർന്നാണ് ഏതുനിമിഷവും വീഴാവുന്ന തരത്തിലുള്ള മതിൽ നിൽക്കുന്നത്.


