ഗുരുവായൂർ :ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുംബൈയിൽ പിടിയിലായ ഒന്നാംപ്രതിയെ ഗുരുവായൂരിലെത്തിച്ചു. ഗുരുവായൂർ നെന്മിനി തൈവളപ്പിൽ പ്രഗിലേഷി(61)നെയാണ് ഗുരുവായൂരിൽ എത്തിച്ചത്. ഇയാളുടേയും കൂട്ടുപ്രതി കണ്ടാണശേരി ദിവേകിൻ്റേയും നിരന്തര ഭീഷണിയെത്തുടർന്നാണ് ഗുരുവായൂരിലെ വ്യാപാരി നെന്മിനിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കാവീട് സ്വദേശി മുസ്‌തഫ(മുത്തു 47) ആത്മഹത്യചെയ്തത്. ഇതേതുടർന്ന് ഇരുവരും ഒളിവിലായിരുന്നു. പ്രഗിലേഷിനെ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നാണ് പിടികൂടിയത്. ദിവേകിനായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. രണ്ട് പ്രതികളുടേയും പേരിൽ ആത്മഹത്യാ പ്രേരണാ കുറ്റം, അമിത പലിശ ഈടാക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ടെമ്പിൾ പൊലീസ് എസ്എച്ച്ഒ ജിഅജയ്കുമാറിൻ്റെ നേതൃത്വത്തിൽ എഎസ്ഐ കെ സാജൻ, എസ്‌സിപിഒ കെ കൃഷ്‌ണപ്രസാദ്, സിപിഒ വി എൽ സന്ദീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരാഴ്ച നീണ്ട വ്യാപക അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഞായറാഴ്‌ച കോടതിയിൽ ഹാജരാക്കും. ഗുരുവായൂർ എസിപി പ്രേമാനന്ദകൃഷ്‌ണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. ഒക്ടോബർ 10നാണ് മുസ്‌തഫയെ കർണംകോട് ബസാറിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണി മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പും ഉണ്ടായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പ്രഗിലേഷ്, ദിവേക് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രഗിലേഷും ദിവേകും മുസ്‌തഫയെ വീട്ടുകാരുടെ മുന്നിൽവച്ച് മർദിച്ചതായും പരാതിയുണ്ടായിരുന്നു. ആറ് ലക്ഷം കടമെടുത്തതിന് 40 ലക്ഷത്തോളം തിരിച്ചടച്ചുവെന്നും ഭൂമി എഴുതി വാങ്ങിയെന്നും മുസ്‌തഫ കത്തിൽ സൂചിപ്പിച്ചിരുന്നു.


