തൃശൂർ: കുന്നംകുളം നഗരസഭയുടെ മാലിന്യസംസ്ക്കരണ കേന്ദ്രമായ കുറുക്കൻപാറ ഗ്രീൻ പാർക്കിലെ മാലിന്യത്തിൽ നിന്ന് വേർതിരിച്ച പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് തയ്യാറാക്കിയ ചുണ്ടൻ വള്ളത്തിന്റെ മാതൃക ശ്രദ്ധേയമാകുന്നു. കാണിപ്പയ്യൂർ ഓപ്പൺജിം പരിസരത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 27 അടി നീളത്തിലുള്ള ചുണ്ടൻ വള്ളമുണ്ടാക്കാൻ 2500 കുപ്പികളാണ് ഉപയോഗിച്ചത്. പ്ലാസ്റ്റിക്കിൻ്റെ പുനരുപയോഗ സാധ്യത കണ്ടെത്തിയാണ് കുപ്പികൾ കൊണ്ട് ചുണ്ടൻ വള്ളം നിർമ്മിച്ചത്. ആർട്ടിസ്റ്റ് സണ്ണിയാണ് നഗരസഭയ്ക്ക് വേണ്ടി ഇത് തയ്യാറാക്കിയത്. മൂന്ന് ദിവസത്തെ പ്രയത്നമാണ് ഇതിനു പിന്നിലുള്ളത്.
കുപ്പികൾ ചെറിയ കമ്പികൾ കൊണ്ട് കെട്ടി ആകൃതിയിലാക്കിയാണ് നിർമ്മിതി ഉണ്ടാക്കിയിട്ടുള്ളത്. പുതിയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള ഡോൾഫിനും ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ളതാണ്. നഗരസഭ സ്വച്ഛ് സർവേക്ഷൺ 2025 പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇത് തയ്യാറാക്കിയിട്ടുള്ളത്. കാണിപ്പയ്യൂർ ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനു സമീപം നഗരസഭയുടെ സ്ഥലത്തെ ബഥനി പാർക്കിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ഓപ്പൺ ജിം കൂടി പ്രവർത്തനം ആരംഭിച്ചതോടെ നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്.


