തൃശൂർ: ചാലക്കുടി നഗരസഭ കൗൺസിലർ യുഡിഎഫിൽ ചേർന്നു. സ്വതന്ത്ര കൗൺസിലറായിരുന്ന ടി ഡി എലിസബത്താണ് യുഡിഎഫിൽ ചേർന്നതായി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 20-ാം വാർഡായ ഹൗസിംഗ് ബോർഡ് കോളനിയെയാണ് എലിസബത്ത് പ്രതിനിധാനം ചെയ്തിരുന്നത്.ഇതോടെ 36-അംഗ കൗൺസിലിൽ യുഡിഎഫ് അംഗസംഖ്യ 29 ആയി ഉയർന്നു. നേരത്തെയും രണ്ടുപേർ കോൺഗ്രസിൽ ചേർന്നിരുന്നു. സ്വതന്ത്രയായി വിജയിച്ച റോസി ലാസർ, ബിജെപി സ്വതന്ത്രൻ വത്സൻ ചമ്പക്കര എന്നിവർ നേരത്തെ കോൺഗ്രസിൽ ചേർന്നിരുന്നു.
അതേസമയം, ആലപ്പുഴ ചെന്നിത്തലയിൽ തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് അംഗവും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കിളിയമ്മൻതറയിൽ കോൺഗ്രസ് അംഗത്വം രാജിവച്ചു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന് രാജിക്കത്ത് കൈമാറി.
ചെന്നിത്തലയിലെ കോൺഗ്രസ് വഞ്ചിച്ചെന്നും കരാർ പ്രകാരമുള്ള വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയില്ലെന്നും ആരോപിച്ചായിരുന്നു ഷിബു കിളിയമ്മൻതറയുടെ രാജി. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്ന് വാർത്താസമ്മേളനത്തിൽ ഷിബു വ്യക്തമാക്കി.


