Sunday, May 10, 2026
HomeThrissur Newsതൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിന് പിടി ഉഷ വാഗ്ദാനം ചെയ്ത 19 കോടി നഷ്ടപ്പെടുത്തി- സുരേഷ് ​ഗോപി
spot_img

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിന് പിടി ഉഷ വാഗ്ദാനം ചെയ്ത 19 കോടി നഷ്ടപ്പെടുത്തി- സുരേഷ് ​ഗോപി

തൃശൂർ: തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനായി പി.ടി ഉഷ വാഗ്ദാനം ചെയ്ത 19 കോടി രൂപ നഷ്ടപ്പെടുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആരോപിച്ചു. തുക പിന്നീട് ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിനായി വിനിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ‘കോഫി ടൈം’ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.

സായിയുടെ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും, എന്നാൽ സ്റ്റേഡിയത്തിന്റെ ഡിസൈൻ സായിയുടെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നിലവിൽ സ്വകാര്യ ഏജൻസികൾക്കാണ് സ്റ്റേഡിയം നവീകരണത്തിന്റെ ചുമതല. സായിയുടെ ഫണ്ട് ആവശ്യമില്ലെങ്കിൽ ട്രാക്ക് നിർമാണവും സ്വകാര്യ ഏജൻസികളിലൂടെ തന്നെ നടത്തണമെന്ന് കോർപ്പറേഷൻ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ തൃശൂരിൽ എത്തുമെന്നല്ല താൻ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. പാലിയേക്കര വഴി പാലക്കാട്, കോയമ്പത്തൂർ ഭാഗത്തേക്കാണ് മെട്രോ വികസിപ്പിക്കേണ്ടതെന്നായിരുന്നു തന്റെ നിലപാട്. ദില്ലി മെട്രോ ഹരിയാനയിലെത്തിയതും അതുപോലെയുള്ള ആർആർടി സംവിധാനമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഗുരുവായൂർ–പൊന്നാനി ആർആർടിഎസിന് തുരങ്കം വെക്കുന്നത് വിഘടനവാദികളാണെന്നും സുരേഷ് ഗോപി ആരോപിച്ചു.

ഇടുക്കിയും ആലപ്പുഴയുമാണ് ഇപ്പോൾ പിന്നോക്കം നിൽക്കുന്നത്. എയിംസ് ഇടുക്കിയിൽ സ്ഥാപിക്കുക പ്രായോഗികമല്ലെന്നും, ആലപ്പുഴയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആലപ്പുഴയ്ക്ക് എയിംസ് അനുവദിക്കാത്ത പക്ഷം തൃശൂരിൽ തന്നെ അത് വേണമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. “2029-ൽ എയിംസിന്റെ തറക്കല്ലിടാതെ ഞാൻ വോട്ട് അഭ്യർത്ഥിക്കില്ല,” എന്നും അദ്ദേഹം ഉറപ്പ് നൽകി.

കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി സ്വകാര്യ ഏജൻസിയെ ഒഴിവാക്കി 2 കോടി രൂപ മടക്കി നൽകാമെന്നും, അതിനായി 20 പേർ സഹകരിക്കാൻ തയ്യാറായാൽ താനും ഒരു വിഹിതം നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരുകാർ എംപിയുടെ നേതൃത്വത്തിൽ ധനശേഖരണം നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ബിജെപിയുടെ കൗൺസിൽ അധികാരത്തിൽ എത്തിയിട്ടും കോർപ്പറേഷൻ സ്റ്റേഡിയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം എടുക്കാതെയിരിക്കുകയാണെങ്കിൽ “അവരുടെ നടുവൊടിക്കും” എന്ന കടുത്ത മുന്നറിയിപ്പും സുരേഷ് ഗോപി പ്രസംഗത്തിൽ ഉന്നയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments