Wednesday, November 19, 2025
HomeKeralaസംസാരിച്ചിരുന്ന യുവാക്കളെ പൊലീസ് തല്ലിച്ചതച്ചതായി ആരോപണം
spot_img

സംസാരിച്ചിരുന്ന യുവാക്കളെ പൊലീസ് തല്ലിച്ചതച്ചതായി ആരോപണം

തൃശൂർ: പള്ളിപ്പെരുന്നാളിനിടെ യുവാക്കളെ പൊലീസ് അകാരണമായി മർദ്ദിച്ചതായി ആരോപണം. കുന്നംകുളം എസ് ഐ വൈശാഖിനെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിട്ടുള്ളത്. കുന്നംകുളം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിൻ്റെ ഭാഗമായി പ്രാദേശിക പെരുന്നാൾ കമ്മിറ്റിയുടെ ആഘോഷം കുറുക്കൻപാറയിൽ നടന്നു കൊണ്ടിരിക്കുമ്പോൾ കുന്നംകുളം എസ് ഐ യുവാക്കളെ ഭീകരമായി തല്ലി ചതച്ചതായാണ് ആക്ഷേപം. കുറുക്കൻ പാറയിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി രജീഷ് ഉൾപ്പെടെയുള്ള ആറ് യുവാക്കൾക്കാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. പുലർച്ചെ മൂന്നിന് യുവാക്കൾ ഒരുമിച്ചിരുന്ന് സംസാരിച്ചിരിക്കുമ്പോൾ രണ്ട് പൊലീസ് ജീപ്പുകൾ മുന്നിൽ വന്ന് നിർത്തുകയായിരുന്നു. സബ് ഇൻസ്പെക്ടർ വൈശാഖും പൊലീസ് സംഘവും ചാടിയിറങ്ങി യുവാക്കളെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. പൊലീസ് അതിക്രമത്തിൽ 5 പേർക്ക് പരിക്കേറ്റു.

പ്രദേശത്ത് എന്തെങ്കിലും തരത്തിലുള്ള സംഘർഷമോ വഴക്കോ ഉണ്ടായിട്ടില്ല. ഒരുതരത്തിലുമുള്ള ചോദ്യമോ വിശദീകരണമോ ഇല്ലാതെയായിരുന്നു പൊലീസ് മർദ്ദനമെന്നാണ് ആരോപണം. സബ് ഇൻസ്പെക്ടർ വൈശാഖിനെ ചുമതലയിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കുന്നംകുളം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. 2024ൽ ഇത് പെരുന്നാൾ ആഘോഷത്തിനിടെ നഗരസഭകൗൺസിലറെ പൊലീസ് മർദ്ദിച്ച സംഭവം ഉണ്ടായിട്ടുണ്ട്. 2025 ജനുവരിയിൽ പാർക്കാടി ക്ഷേത്രം മഹോത്സവത്തിന് ഇടയിലും, ഫെബ്രുവരിയിൽ ചീരംകുളം ക്ഷേത്രപൂരം മഹോത്സവത്തിന് ഇടയിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അടുപ്പുട്ടി പെരുന്നാൾ ആഘോഷത്തിനിടയിലും ഇതേ എസ് ഐ വൈശാഖ് നിരപരാധികളെ മർദ്ദിച്ച് പരിക്കേൽപ്പിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്.

ഇത്തരം ക്രിമിനൽ സ്വഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സേനയ്ക്ക് തന്നെ കളങ്കമുണ്ടാക്കുമെന്നും ഇക്കാര്യത്തിൽ കർശന മായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികാരികൾക്കും സി പി ഐ എം പരാതി നൽകി. പരാതിക്ക് പരിഹാരം ഉണ്ടാകാത്തപക്ഷം പ്രത്യക്ഷമായ പ്രതിഷേധ പരിപാടിയിലേക്ക് പോകേണ്ടി വരുമെന്ന് സി പി എം കുന്നംകുളം ഏരിയ കമ്മറ്റി സെക്രട്ടറി കെ.കൊച്ചനിയൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments