തൃശൂർ പുതൂർക്കരയിലും തുടർന്ന് അയ്യന്തോളിലും ആദ്യപരിപാടികൾ സംഘടിപ്പിക്കും
തൃശ്ശൂർ: പഴയ സംവാദ പരിപാടി ‘പൊടിത്തട്ടിയെടുക്കാൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘എസ് ജി കോഫി ടൈംസ്’ എന്ന പേരിൽ ലോകസഭാ തിരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്ന പരിപാടി വീണ്ടും സംഘടിപ്പിക്കാനാണ് തീരുമാനം. കലുങ്ക് സംവാദത്തിലെ വിവാദങ്ങൾ തിരിച്ചടിയായെന്ന ബിജെപിക്കുള്ളിൽ വിമർശനമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് പുതിയ പ്ലാൻ ഓഫ് ആക്ഷൻ. തൃശൂർ പുതൂർക്കരയിലും തുടർന്ന് അയ്യന്തോളിലും ആദ്യപരിപാടികൾ സംഘടിപ്പിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ജനസമ്പർക്ക പരിപാടിയെന്ന നിലയ്ക്കാണ് ‘എസ് ജി കോഫി ടൈംസ്’ പദ്ധതിയിരിട്ടിരിക്കുന്നത്. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ അറിയുവാനും അവയ്ക്കുള്ള പരിഹാരം കണ്ടെത്തുകയുമാണ് ലക്ഷ്യം
സുരേഷ് ഗോപിയുടെ കലുങ്ക് സംവാദങ്ങൾ തുടർച്ചയായി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒടുവിൽ കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ കലുങ്ക് സംവാദത്തിൽ അപേക്ഷ നൽകാനെത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റുകയുണ്ടായി. കാറിന് പിന്നാലെ ഓടി അപേക്ഷ നൽകാൻ ശ്രമിച്ച കല്ലാടംപൊയ്ക സ്വദേശി ഷാജിയെയാണ് ബിജെപി പ്രവർത്തകർ പിടിച്ച് മാറ്റിയത്.
തൃശ്ശൂരിലും സമാനസംഭവമുണ്ടായിരുന്നു. വയോധികന്റെ പരാതി സുരേഷ് ഗോപി സ്വീകരിക്കാതിരിക്കുകയും അതൊന്നും എംപിയുടെ ജോലിയല്ല പോയി പഞ്ചായത്തിൽ പറയൂ എന്ന് മറുപടി നൽകിയതും മോശം പ്രതിച്ഛായ സൃഷ്‌ടിക്കുന്നതിന് ഇടയാക്കി. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരിച്ചെടുക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി എത്തിയ വയോധികയോട് മുഖ്യമന്ത്രിയെ സമീപിക്കൂവെന്ന് മറുപടി നൽകിയതും ജനങ്ങളെ പ്രജകളെന്ന് വിളിച്ചതും വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
വരന്തരപ്പിള്ളിയിൽ സുരേഷ് ഗോപിയുടെ കലുങ്ക് പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ സജീവ ബിജെപി പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. സുരേഷ് ഗോപിയുടെ പെരുമാറ്റത്തിൽ അതൃപ്‌തി പ്രകടിപ്പിച്ചായിരുന്നു ഇവർ പാർട്ടി വിട്ടത്.



