ചാലക്കുടി വാൽപ്പാറയിൽ ജനവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കടമ്പാറ സ്വദേശി മൂർത്തി(48)ക്കാണ് പരിക്കേറ്റത്. വീടിന് മുന്നിലിരിക്കുകയായിരുന്ന മൂർത്തിയെ കാട്ടാന തൂക്കിയെറിയുകയായിരുന്നു. നിലവിളികേട്ട് സമീപവാസികളെത്തി ബഹളംവച്ചതോടെ ആന വനത്തിലേക്ക് കയറിപ്പോയി. പരിക്കേറ്റ് അബോധാവസ്ഥയിലായ മൂർത്തിയെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്കും മാറ്റി. കുറച്ച് ദിവസങ്ങളായി വാൽപ്പാറ സംരക്ഷിത വനമേഖലയിലെ കടമ്പാറ മേഖലയിൽ ‘ടെൻസി’ എന്ന് നാട്ടുകാർ പേരിട്ട ഒറ്റയാന്റെ ശല്യം രൂക്ഷമാണ്. മാത്രമല്ല വാൽപ്പാറ–പൊള്ളാച്ചി റോഡിൽ വാഹനങ്ങൾ തടയുന്നതും ആക്രമിക്കുന്നതും പതിവായിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് വിദേശ സഞ്ചാരിക്കും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആനശല്യത്തിന് അറുതി വരുത്താൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


