ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വര്‍ണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദ്വാരപാല ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം 2 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പതിച്ച ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ വിശ്വാസ വഞ്ചന ചെയ്ത് കൊണ്ടുപോയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. നിയമപരമായ ഉത്തരവുകളും നടപടി ക്രമങ്ങളും ലംഘിച്ച് സ്വര്‍ണം കൈക്കലാക്കി ബെംഗളൂരുവിലും ഹൈദരാബാദിലും തുടര്‍ന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും എത്തിച്ചു. ശേഷം 394 ഗ്രാം സ്വര്‍ണം മാത്രം പൂശിയ ശേഷം ബാക്കി സ്വര്‍ണം കൈക്കലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അന്യായ നഷ്ടം വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.


