തൃശ്ശൂർ: ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വൻ മോഷണം. പ്രിൻസിപ്പലിന്റെ ഓഫീസ് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന നാല്പതിനായിരത്തോളം രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്.സംഭവം നടന്നത് ഇന്ന് പുലർച്ചെ ഏകദേശം 12 മണിയോടെയാണ്. പ്രിൻസിപ്പൽ സുനിൽകുമാറിൻ്റെ ഓഫീസ് റൂമിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. തുടർന്ന്, മുറിക്കുള്ളിലുണ്ടായിരുന്ന രണ്ട് അലമാരകൾ കുത്തിത്തുറക്കുകയും സ്റ്റാഫ് ഫണ്ടായി സ്വരൂപിച്ച പണം കവരുകയുമായിരുന്നു.
രാവിലെ സ്കൂൾ തുറക്കാനെത്തിയ ജീവനക്കാരനാണ് ഓഫീസ് റൂമിൻ്റെ പൂട്ട് തകർക്കപ്പെട്ട നിലയിൽ ആദ്യമായി കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രിൻസിപ്പൽ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്. ഉടൻതന്നെ ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകി.കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഘം സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു യുവാവാണ് മോഷ്ടാവെന്ന് സംശയിക്കുന്നത്. ഇയാൾ സമാനമായ മോഷണക്കേസുകളിൽ മുൻപും ഉൾപ്പെട്ടിട്ടുള്ളയാളാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മോഷ്ടാവിനെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.



