മാള:പുത്തൻചിറയിൽ റിട്ട. അധ്യാപികയുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ അയൽവാസിയായ യുവാവും ഇയാളുടെ സുഹൃത്തും പിടിയിൽ. കൊല്ലംപറമ്പിൽ ജയശ്രീയുടെ മാല പൊട്ടിച്ചെടുത്ത കേസിൽ മുഖ്യപ്രതി ചോമാട്ടിൽ ആദിത്ത് (20), പട്ടേപാടം സ്വദേശിനി തരുപടികയിൽ ഫാത്തിമ തസ്‌നി (19) എന്നിവരെ മാള എസ്എച്ച്ഒ വി സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്‌തു. സെപ്തംബർ 25ന് വൈകിട്ട് 7.15നാണ് സംഭവം. വീടിനകത്തു കയറി ജയശ്രീയുടെ വായും മൂക്കും പൊത്തിപ്പിടിച്ച് കഴുത്തിലെ സ്വർണമാല വലിച്ചുപൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ചെറിയ ഭാഗവും താലിയും ജയശ്രീക്ക് തിരികെ ലഭിച്ചു. ആറ് പവൻ മാലയിലെ അഞ്ച് പവൻ ആദിത്ത് കൈക്കലാക്കി. മോഷ്ടിച്ച മാല ആദിത്തും ഇയാളുടെ കൂടെ താമസിച്ച ഫാത്തിമ തസ്‌നിയും ചേർന്ന് 27ന് മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ 4.5 ലക്ഷം രൂപക്ക് വിറ്റു. മാളയിലെ ജ്വല്ലറിയിൽ ഫാത്തിമ തസ്നി 50,000 രൂപക്ക് പുതിയ മാല വാങ്ങുകയും വിദ്യാഭ്യാസ ഫീസും അടച്ചു. ഓൺലൈൻ ട്രേഡിങ്ങിൽ ഉണ്ടായ കടം വീട്ടാനാണ് മോഷണം നടത്തിയതെന്നും പൊലീസിന് മൊഴി നൽകി. നാട്ടിൽ മറ്റൊരു കള്ളനുണ്ടെന്ന് വരുത്തിത്തീർക്കാൻ സ്വന്തം വീട്ടിൽ പാചകവാതകം തുറന്നിട്ട് തീപിടിപ്പിക്കാൻ ശ്രമിച്ചെന്നും അജ്ഞാതൻ തന്നെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ആദിത്ത് പ്രചരിപ്പിച്ചതായി പൊലീസ് പറഞ്ഞു. മാള എസ്ഐമാരായ കെ ടി ബെന്നി, എം എസ് വിനോദ്‌കുമാർ, കെ ആർ സുധാകരൻ, മുരുകേഷ് കടവത്ത്, എ എസ് ഐ ഷാലി ബാബു, എസ്‌സിപിഒമാരായ പി ഡി ദിബീഷ്, വി ജി സനേഷ്, ടി എസ് ശ്യാംകുമാർ, സി ജെ ജമേഴ്സൺ, സിപിഒമാരായ രേഷ്‌മ രവി, ഐ യു ഹരികൃഷ്ണൻ, ഇ ബി സിജോയ് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.



