തൃശൂർ:പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുന്നതോടെ തൃശൂർ മൃഗശാലയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കും. മൃഗശാലയിലുള്ള മാനുകൾ ഒഴികെയുള്ള മുഴുവൻ മൃഗങ്ങളെയും ഉടൻ പുത്തൂരിലേക്ക് മാറ്റും. സഫാരി പാർക്കിൻ്റെ നിർമാണം പൂർത്തിയായാൽ മാനുകളെയും പുത്തൂരിൽ എത്തിക്കും. തൃശൂർ മൃഗശാലയിലെ സ്ഥിരം ജീവനക്കാരെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി നിയമിക്കും. സാധാരണ മൃഗശാലകളിൽനിന്നും വ്യത്യസ്‌തമായി പ്രത്യേകം ആവാസ വ്യവസ്ഥകൾ ഒരുക്കിയാണ് സുവോളജിക്കൽ പാർക്ക് സജ്ജമാക്കുന്നത്. 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സുവോളജിക്കൽ പാർക്ക് ട്രയൽ റണ്ണിന് ശേഷം ജനുവരിയോടെ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. വിദേശ രാജ്യങ്ങളിൽനിന്നും തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം മൃഗങ്ങളെയും മറ്റു ജീവജാലങ്ങളെയും പുത്തൂരിലെത്തിക്കുന്ന നടപടികളും ഉടൻ നടക്കും. തുടർന്ന് സുവോളജിക്കൽ പാർക്കിലേക്ക് പുതിയ മൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും എത്തിക്കാനാരംഭിക്കും. പാർക്കിലെ വിപുലീകരണവും വികസന പ്രവർത്തനങ്ങളും നടക്കും. ഹോളോ ഗ്രാം സൂ, പെറ്റിങ് സൂ തുടങ്ങിയവയെല്ലാം സഫാരി പാർക്കിനൊപ്പം ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് 18ന് കൊടിയുയരും. 21ന് പെറ്റിങ് സൂവിൻ്റെ ശിലാസ്ഥാപനം നടക്കും. 25, 26, 27 തീയതികളിൽ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ബുധനാഴ്‌ച നടന്ന ഉന്നത തല യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, മൃഗശാലാ ഡയറക്ടർ മഞ്ജുളാ ദേവി, പുത്തൂർ സുവോളജിക്കൽ പാർക്ക് സ്പെഷൽ ഓഫീസർ കെ ജെ വർഗീസ്, വനം വകുപ്പ് മേധാവി ഡോ. പി പുഗഴേന്തി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.



