ഇരിങ്ങാലക്കുട:ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മുംബൈ എയർപോർട്ടിൽ നിന്നും റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് കരുവിശേരി മാളികടവ് സ്വദേശി നിബ്രാസ് മഹൽ വീട്ടിൽ അജ്സൽ (24) ആണ് അറസ്റ്റിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്‌ണകുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച ലുക്കൗട്ട് സർക്കുലർ പ്രകാരമാണ് അറസ്റ്റ്. ചാലക്കുടി പരിയാരം സ്വദേശി മാളക്കാരൻ വീട്ടിൽ ബിനു പോൾ (47) ആണ് തട്ടിപ്പിനിരയായത്. ഓൺലൈൻ ട്രേഡിങ് ചെയ്യുന്ന ബിജിസി എന്ന ട്രേഡിങ് കമ്പനിയാണെന്ന് സോഷ്യൽ മീഡിയകളിലൂടെ വിശ്വസിപ്പിച്ച് ട്രേഡിങ് ചെയ്യാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൌണ്ടുകളിലൂടെ 1,08,78,935 രൂപയാണ് തട്ടിയത്. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതിരിക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്‌തപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് മനസിലാക്കി നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ കേരളത്തിൽ നിന്നും കമ്മിഷനു വേണ്ടി അകൗണ്ടുകൾ വിറ്റ കോളേജ് വിദ്യാർഥികളായ മലയാളികളെ പിടി കൂടിയിരുന്നു. വിദ്യാർഥികളെ കമ്മിഷൻ വ്യവസ്ഥയിൽ ബംഗളൂരുവിലേക്ക് എത്തിക്കുകയും പല ബാങ്കുകളിൽ നിർബന്ധിച്ച് അകൗണ്ടുകൾ എടുപ്പിക്കുകയുംചെയ്തു. ഈ അകൗണ്ടുകളുടെ എടിഎം കാർഡുകളും ചെക്ക് ബുക്കുകളും കൈക്കലാക്കി. അതു വഴി സൈബർ തട്ടിപ്പു നടത്തി ലഭിച്ച കോടികണക്കിന് പണം പിൻവലിച്ച് ക്രിപ്റ്റോ കറൻസി ആക്കി മാറ്റി മറ്റ് രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്‌തത് അജ്സൽ ആണെന്ന് കണ്ടെത്തി. ഒളിവിൽ പോയ അജ്സലിനെ പിടികൂടുന്നതിന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. തായ്‌ലാന്റിലേക്ക് രക്ഷപ്പെടുന്നതിന് മുംബൈ എയർപോർട്ടിൽ എത്തിയ അജ്സലിനെ തടഞ്ഞുവെച്ചു. അന്വേഷക സംഘം മുംബൈയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിൽ റൂറൽ സൈബർ എസ്എച്ച്ഒ പി എസ് സുജിത്ത്, എസ്ഐ ആൽബി തോമസ് വർക്കി, ജിഎസ്ഐ കെ വി ജസ്റ്റിൻ, സിപിഒ മാരായ ടി പി ശ്രീനാഥ്, സി എസ് ശ്രീയേഷ്, യു ആകാശ്, സി പവിത്രൻ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.



