തൃശൂരിൽ തട്ടുകടകളുടെ താഴ് തകർത്ത് സിഗരറ്റുകൾ മോഷണം പോകുന്നുത് പതിവാകുന്നു. തൃശൂർ നഗരത്തിലെ മൂന്നിടത്ത് പലതവണയായാണ് കവർച്ച നടന്നത്. ഒരു ലക്ഷം രൂപയുടെ താഴെ സിഗരറ്റുകളാണ് നഷ്‌ടപ്പെട്ടത്. തുടർന്ന് കടക്കാർ പൊലീസിനെ സമീപിച്ചു. സിസിടിവി കാമറകൾ വ്യാപകമായി പരിശോധിച്ചു. തട്ടുകടകളുടെ സമീപത്ത് പുലർച്ചെ സമയങ്ങളിൽ വരുന്നവർ ആരൊക്കെ എന്നായി അന്വേഷണം. തൃശൂർ സിറ്റി പൊലീസാണ് അന്വേഷണം നടത്തിയത്
നൂറോളം കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ വിദ്യാർഥികളായ രണ്ടു പേർ സ്കൂട്ടറിൽ പോകുന്നതായി പൊലീസ് കണ്ടു ഈ വിദ്യാർഥികൾ ആരാണ്? അസമയത്ത് ഇവർ സ്‌കൂട്ടറിൽ പോകുന്നത് എവിടേക്കാണ്? ഈ ചോദ്യങ്ങളുടെ ഉത്തരം തേടിയായി പൊലീസിൻ്റെ അടുത്ത യാത്ര അങ്ങനെ വിദ്യാർഥികളുടെ വീടുകൾ കണ്ടെത്തി. മാതാപിതാക്കളെ നേരിൽ കണ്ടു മക്കൾ രാത്രി പുറത്തിറങ്ങാറുണ്ടോ? പൊലീസ് ചോദിച്ചു. ഇല്ല സാറെ ഒരിക്കലുമില്ല. ഞങ്ങളുടെ മക്കൾ രാത്രി ഏഴു മണി കഴിഞ്ഞാൽ പുറത്തിറങ്ങില്ലെന്ന് മാതാപിതാക്കൾ. പൊലീസിന്റെ കൈവശമുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ കാണിച്ചു കൊടുത്തു ഇത് നിങ്ങളുടെ മക്കളല്ലെ?, അച്‌ഛനമ്മമാർ ഞെട്ടിത്തരിച്ചു പത്താംക്ലാസിൽ പഠിക്കുന്ന ഒരാൾ രണ്ടാമൻ പ്ലസ് വണ്ണിലും ഇരുവരും അയൽവാസികളാണ്.
ഇവരാണ് തട്ടുകടകൾ കുത്തിപ്പൊളിച്ച് സിഗരറ്റ് മോഷ്‌ടിക്കുന്നവർ. ഒന്നോ രണ്ടോ പായ്ക്കറ്റുകൾ അല്ല. അൻപതും നൂറും പായ്ക്കറ്റുകൾ ഇവർ മോഷ്‌ടിക്കുന്നു. ഇത് വിൽക്കാനാണോ എന്ന ചോദ്യത്തിന് അല്ല സാറേ ഇതു ഞങ്ങൾക്ക് വലിക്കാനാണ് എന്ന് ഉത്തരം. സിഗററ്റ് പായ്ക്കറ്റുകൾ വീടിനടുത്തുള്ള മോട്ടോർ പുരയിൽ ഒളിപ്പിച്ചിരുന്നു അത് കണ്ടെടുത്തു സുഹ്യത്തുക്കൾക്കും സിഗരറ്റ് വലിക്കാൻ നൽകാറുണ്ട്. ദിവസം മുപ്പതു സിഗരറ്റുകൾ വലിക്കുമെന്നാണ് വിദ്യാർഥികൾ പറഞ്ഞത്. പൊലീസ് ശരിക്കും ഞെട്ടി കേസെടുത്തെങ്കിലും കുട്ടികളായതിനാൽ വിട്ടയച്ചു. ഇനി ആവർത്തിക്കരുതെന്ന് മുന്നറിയിപ്പും സിഗരറ്റ് വലി ശീലം ഒഴിവാക്കാൻ ചികിൽസ നൽകാൻ മാതാപിതാക്കളോട് പറഞ്ഞാണ് പൊലീസ് മടങ്ങിയത്.
രാത്രികാലങ്ങളിൽ മക്കൾ വീടിനു പുറത്തിറങ്ങുന്നതു പോലും അച്ഛനമമ്മാർക്ക് അറിയില്ലായിരുന്നു. അവരെ കബളിപ്പിച്ചായിരുന്നു കുട്ടികളുടെ പോക്ക്. അയൽപക്കത്തെ വീട്ടിലെ ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി അച്ഛന്റെ സ്‌കൂട്ടറിൽ ഒഴിക്കും അച്‌ഛന് പെട്രോൾ കുറയുന്നുണ്ടോയെന്ന് സംശയം ഇല്ലാതിരിക്കാനാണിത്. അങ്ങനെ സമർഥമായി വീട്ടിൽ നിന്ന് ഇവർ ഇറങ്ങും. പുകവലി ശീലത്തിന് അടിമയായപ്പോൾ സിഗരറ്റ് കിട്ടാൻ മോഷണമല്ലാതെ കുട്ടികളുടെ മനസിൽ വേറെ ഒരു ആശയമില്ലായിരുന്നു.


