വെള്ളം കുടിച്ചശേഷം കുപ്പികൾ ബസിൽ കൂട്ടിയിട്ടതിന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. കഴിഞ്ഞദിവസം ആയൂരിൽ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ ജീവനക്കാരെ ശകാരിച്ചതിന് പിന്നാലെയാണ് ബസ് ഡ്രൈവർ ഉൾപ്പെടെയുളളവരെ പൊൻകുന്നത്തു നിന്ന് തൃശൂരിലേക്ക് സ്‌ഥലം മാറ്റിയത്. വണ്ടി തടഞ്ഞ് പരിശോധിച്ചത് മന്ത്രിയുടെ ഷോ ആണെന്ന വിമർശനം നിലനിൽക്കെയാണ് സ്‌ഥലംമാറ്റനടപടി.
കോട്ടയം പൊൻകുന്നം ഡിപ്പോയിലെ മൂന്നു ജീവനക്കാർക്കെതിരെയാണ് നടപടി.ഡ്രൈവർ ജെയ്മോൻ ജോസഫിനെ തൃശ്ശൂർ പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റി. വെഹിക്കിൾ സൂപ്പർവൈസർ കെഎസ് സജീവിനെ തൃശൂർ ഡിപ്പോയിലേക്കും മെക്കാനിക് വിനോദിനെ കൊടുങ്ങല്ലൂരിലേക്കും മാറ്റി. കഴിഞ്ഞ ഒന്നാംതീയതി ഉച്ചയ്ക്ക് എംസി റോഡിൽ ആയൂരിൽ വച്ചാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കു പോയ പൊൻകുന്നം ഡിപ്പോയിലെ ഫാസ്‌റ്റ് പാസഞ്ചർ ബസ് തടഞ്ഞ് പരിശോധിച്ചത്. ബസിൻ്റെ മുൻവശത്തെ ചില്ലിനോട് ചേർന്ന് വെളളം കുടിച്ചശേഷം കുപ്പികൾ കൂട്ടിയിട്ടെന്നാണ് കുറ്റം. മന്ത്രി ബസിനു പിന്നാലെ പോയി ബസ് തടഞ്ഞു നിർത്തി പരിശോധിച്ചത് മന്ത്രിയുടെ ഷോ ആണെന്ന വിമർശനം വ്യാപകമാണ്. ദീർഘദൂര ബസ് ആയതിനാൽ കുടിവെളളം ബസിൽ വച്ചെന്ന ജീവനക്കാരുടെ വിശദീകരണം തൃപ്തികരമായില്ല. നടപടിക്കിരയായ മൂന്നുപേരും പൊൻകുന്നം, പാലാ പ്രദേശത്തുളളവരാണ്.


