വാടാനപ്പള്ളി: ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. അപകടത്തിൽ സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന മകനും പരിക്കേറ്റു. ഏങ്ങണ്ടിയൂർ പോളക്കൽ തുഷാര ക്ലബ്ബിന് സമീപം ആറുകെട്ടി സുഷമയാണ് (55) മരിച്ചത്. സാരമായി പരിക്കേറ്റ സുഷമയുടെ സഹോദരി സത്യഭാമയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളി പകൽ 2.30ഓടെ ഏഴാംകല്ല് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. സനാതന ആംബുലൻസാണ് അപകടത്തിൽപെട്ടത്. സുഷമയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിക്കൽ ചെക്കപ്പിന് കൊണ്ടുപോയി എങ്ങണ്ടിയൂരിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട ആംബുലൻസ് സർവീസ് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആംബുലൻസിൻ്റെ മുൻഭാഗം തകർന്നു. സുഷമ തൽക്ഷണം മരിച്ചു. മൃതദേഹം എങ്ങണ്ടിയൂരിലെ എം ഐ ആശുപത്രിയിൽ. ഭർത്താവ്: രാധാകൃഷ്ണൻ.മക്കൾ: ദർശൻ, അഭിഷേക്.


