തൃശ്ശൂർ: കെ എസ് റോസ്സൽ രാജിനെ ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു. ശബ്‌ദരേഖാ വിവാദത്തിന് പിന്നാലെ ശരത് പ്രസാദിനെ തൽസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. തുടർന്നാണ് റോസ്സൽ രാജിനെ തിരഞ്ഞെടുത്തത്.ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കൾ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് ആരോപിക്കുന്ന ശരത്തിൻ്റേതായി പുറത്തുവന്ന ശബ്‌ദരേഖ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ, കോർപ്പറേഷൻ സ്ഥിരസമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർക്കെതിരെ ശരത് സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്നതിൻ്റെ ശബ്‌ദരേഖയായിരുന്നു പുറത്തുവന്നത്. തുടർന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്നും ശരതിനെ നീക്കുകയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തിൽ നിന്നാണ് കുറ്റാൽ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.അഞ്ച് വർഷങ്ങൾക്ക് മുൻപത്തെ ഓഡിയോയാണ് ഇതെന്ന് ആദ്യം പ്രതികരിച്ചിരുന്ന ശരത് പിന്നീട് നിലപാട് മാറ്റുകയും താൻ ഇത്തരത്തിൽ സംസാരിച്ചിട്ടില്ലെന്നും ഓഡിയോ ആധികാരികമല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാൽ ശരത്തിനോട് സംസാരിക്കുന്നത് താൻ തന്നെയാണെന്ന് നിബിൻ സ്ഥിരീകരിക്കുകയായിരുന്നു.സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിന് നിബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.


