മുളങ്കുന്നത്തുകാവ് : ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ രോഗികളുടെ കൂട്ടിരിപ്പുകാരും ജീവനക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചു.പാവറട്ടി പെരുവല്ലൂർ ഐനിപ്പുള്ളി അനൂപിനെ (36) യാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം 15-ാം വാർഡിന് സമീപത്തുവെച്ച് വാർഡിൽനിന്ന് പുറത്തേക്കു വന്ന യുവതിയോട് യുവാവ് മോശമായി പെരുമാറുകയായിരുന്നു.
സംഭവം കണ്ട് എത്തിയ ആശുപത്രിയിലുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കൾ പ്രതിയെ കൈയോടെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. യുവാവ് എന്ത് ആവശ്യത്തിനുവേണ്ടിയാണ് ഇവിടെ എത്തിയത് എന്നത് വ്യക്തമല്ല. യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


