Sanitha Anoop

കത്തുന്ന കണ്ണുകൾ വിടർന്നു മലച്ച ചുണ്ടുകൾ അതായിരുന്നു ഒറ്റ നോട്ടത്തിൽ എനിക്ക് സ്മിത. ടീവി കാണുമ്പോൾ വരുന്ന ചില പാട്ടു സീനുകളിൽ ആണ് ഞാൻ സ്മിതയെ ആദ്യം കാണുന്നത്.
സ്മിത സ്റ്റെപ് വെക്കും മുന്നേ അമ്മച്ചി എന്റെയും കുഞ്ഞയുടെയും കണ്ണുകൾ പൊത്തിയിരുന്നു. അമ്മച്ചിയുടെ കറപിടിച്ച വിരലിനിടയിലൂടെ ഞാനും അവളും സ്മിതയെ എത്തി നോക്കിയിരുന്നു. ആരും വീട്ടിൽ ഇല്ലാത്ത ദിവസങ്ങളിൽ ഞാനും കുഞ്ഞായും സാരി ഉടുത്തു കളിക്കും. അങ്ങനെയുള്ള കളികളിൽ ഞങ്ങൾ സീമയെയും സ്മിതയെയും ഷീലയെയും ജയഭാരതിയെയും ഒക്കെയും അനുകരിച്ചിരുന്നു. സ്മിത ആവുമ്പോൾ എളുപ്പം ഉണ്ടായിരുന്നു, സാരി വേണ്ട, പെറ്റികൊട്ടിനുള്ളിൽ തോർത്ത് ചുരുട്ടി വെച്ചും ആകെയുള്ള മുഷിഞ്ഞ വെള്ളിയാരഞ്ഞാണം പുറത്തിട്ടും
മുണ്ടും പൊക്കിയുടുത്തു ഞാനും കുഞ്ഞായും ഇത്തിരിയുള്ള കണ്ണാടിക്കുമുന്നിൽ ആടിക്കളിച്ചു. ഇതൊന്നും അമ്മച്ചി അറിയാതെ ഞങ്ങൾ ഇന്നും രഹസ്യം പോലെ സൂക്ഷിച്ചു.

ആടുതോമക്കൊപ്പം ഏഴിമല പൂഞ്ചോല പാടിയപ്പോൾ കുടുംബക്കരെല്ലാം കൂടി ഒരുമിച്ചു ആ പാട്ടു കണ്ടു. അന്ന് ന്തോ കണ്ണ് പൊത്താൻ അമ്മച്ചി വന്നില്ല.
സിനിമാ മാസികകളോ പത്രമോ നോക്കാൻ പോലും കിട്ടാതിരുന്ന ഒരു കാലത്താണ് സ്മിത ആത്മഹത്യ ചെയ്തു എന്ന് അറിഞ്ഞത്.
സ്നേഹം സൂക്ഷിപ്പുകാർ എന്ന് കരുതിയവർ ഒക്കെയും അവരെ ചതിച്ചു എന്ന ഒറ്റതോന്നൽ ആയിരിക്കുമോ സ്മിത മരണം എന്ന പ്രണയത്തെ സ്വീകരിക്കാൻ കാരണം.
മധുപാലിന്റെ ഭാര്യയായി ഒരു സിനിമയിൽ അവരുണ്ട്. ന്തൊരു അഴകായിരുന്നു ആ സീനിൽ സ്മിതക്ക്.
നാട്ടിൻപുറങ്ങളിലും സ്കൂളിലും കോളേജിലും ഒക്കെയും ഒരുപാട് സ്മിതമാർ കൂട്ടുകാരായി…
വശ്യതയുള്ള ആ കണ്ണുകൾ ഒരുപാട് പേരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. അന്ന് നിർമല കോളേജിൽ സ്റ്റുഡന്റസ് കുറേപേർ വാ മൂടികെട്ടി സ്മിതയുടെ മരണം അനുസ്മരിച്ചു എന്നൊരു ഓർമയും കൂടെയുണ്ട്.
ഐറ്റം ഡാൻസിൽ കോടികൾ വാങ്ങുന്ന നായികമാർക്കിടയിൽ സ്മിത ഒരു അപ്സരസ്സ് ആയിരുന്നു. അടുക്കുംതോറും വശ്യത കൂടുന്ന അപ്സരസ്സ്. ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലായിരുന്നു എന്നിടത്താണ് സിൽക്ക് സ്മിത വേറിട്ടതാവുന്നത്. ഡർട്ടി പിക്ക്ചർ കാണുമ്പോഴേക്കും സ്മിത ഈ ലോകത്തോട് കട്ട് പറഞ്ഞിട്ട് എത്രയോ വർഷങ്ങൾ കൊഴിഞ്ഞു പോയിരുന്നു.
ഇല്ല സ്മിത നിങ്ങൾ മരിക്കുന്നില്ല ❤️
ഓർമകളിൽ പാട്ടുകളിൽ സിനിമകളിൽ ഒക്കെയും നിങ്ങൾ ഇന്നുമുണ്ട്.
കൊഴിയാത്ത വാടാത്ത നിത്യവസന്തമായി



