കയ്പമംഗലം: ബസിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. എസ്എൻ പുരം ആല തോട്ടാശേരി സുജിത്തി (38) നെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. ഗുരുവായൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന വലിയപറമ്പിൽ ബസ് കയ്‌പമംഗലം 12-ൽ നിർമാണത്തിലിരുന്ന എൻഎച്ച് 66-ന്റെ സർവീസ് റോഡിലൂടെ പോകാതെ ഗുരുവായൂർ ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന പടിഞ്ഞാറെ മെയിൻ ട്രാക്കിലൂടെ വൺവേ തെറ്റിച്ച് ബസ് പോവുകയായിരുന്നു. ഈ സമയം ഗുരുവായൂർ ഭാഗത്തേക്ക് ബൈക്കിൽവന്ന ചാവക്കാട് കടപ്പുറം തൊട്ടാപ്പ് അറക്കൽ മുഹമ്മദ് അനസിനെ (25) ബസ് ഇടിക്കുകയായിരുന്നു. ബസ് ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. മുഹമ്മദ് അനസ് സംഭവസ്ഥലത്തുവച്ച് മരിച്ചു. തുടർന്നാണ് ബസ് ഡ്രൈവറെ പ്രതിയാക്കി കയ്‌പമംഗലം പൊലീസ് നരഹത്യാ വകുപ്പ് ചേർത്ത് കേസെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട ബസും കസ്റ്റഡിയിലെടുത്തു. സുജിത്ത് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2006 ൽ ഒരാൾ മരണപ്പെടാൻ ഇടയായ വാഹനാപകടക്കേസിലും 2008 ൽ ഒരു വധശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കയ്‌പമംഗലം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജു ആർ, എസ്പെഐമാരായ അഭിലാഷ് ടി, സിയാദ്, ജയ്‌സൺ സിപിഒ ഷാരൂഖ് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.


