മുളങ്കുന്നത്തുകാവ് : തൃശൂർ.ഗവ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം വൈകിട്ട് നാലിൽ നിന്ന് വൈകിട്ട് ഏഴ് വരെയാക്കി ദീർഘിപ്പിച്ചു. ഇനി മുതൽ പൊലീസ് പരിശോധന പൂർത്തിയാക്കി വൈകിട്ട് ഏഴ് വരെ ഫൊറൻസിക് വിഭാഗത്തിലേക്ക് കൊണ്ടുവരുന്ന മൃതദേഹങ്ങൾ അന്നുതന്നെ പോസ്റ്റ്മോർട്ടം ചെയ്യും. പുതിയ സമയക്രമം ബുധനാഴ്‌ച മുതൽ നിലവിൽ വന്നു. മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവിയായി ഡോ.ഹിതേഷ് ശങ്കർ ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉത്തരവാണിത്. ജീവനക്കാരുടെ ജോലി സമയം രാവിലെ 8 മുതൽ പകൽ 2 വരെയും പകൽ 2 മുതൽ രാത്രി 8 വരെയും രണ്ട് ഷിഫ്റ്റാക്കി പുനക്രമീകരിച്ചു. ഫൊറൻസിക് വിഭാഗത്തിൽ സിസി ടിവി സ്ഥാപിക്കും. മോർച്ചറിയിലെ 16 ഫ്രീസറുകളിൽ ആറെണ്ണത്തിൽ ഇനിമുതൽ പൊതുജനങ്ങൾക്ക് സൗജന്യമായി മൃതദേഹം സൂക്ഷിക്കാൻ അനുവദിക്കുമെന്നും ഡോ.ഹിതേഷ് ശങ്കർ പറഞ്ഞു.


