ചെറുകഥകളും നോവലുകളും ആത്മകഥയുമുൾപ്പെടെ പതിനേഴ് പുസ്‌തകങ്ങൾ എഴുതിയ തന്നെ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എഴുത്തുകാരി എച്ച്മുക്കുട്ടി. അക്കാദമിയിലെ ചില എഴുത്തുകാർ തന്നെ പരസ്യമായി പുച്ഛിച്ചു തള്ളിയെന്നും പുച്ഛവും നിന്ദയും പരിഹാസവും അപമാനവും നാലുനേരം ഭക്ഷിച്ച് ജീവിച്ച തന്നെ പുച്ഛം വിതറി തളർത്താൻ കഴിയില്ലെന്നും വായനക്കാരാണ് തൻ്റെ ബലമെന്നും എച്ച്മുക്കുട്ടി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
സാഹിത്യ അക്കാദമി എന്നെ ക്ഷണിച്ചിട്ടില്ല. മാത്രവുമല്ല അക്കാദമിയിലെ ചില എഴുത്തുകാർ എന്നെ പരസ്യമായി പുച്ഛിച്ചു എന്നും അറിയാൻ കഴിഞ്ഞു. പുച്ഛവും നിന്ദയും പരിഹാസവും അപമാനവും നാലുനേരം ഭക്ഷിച്ച് ജീവിച്ച എന്നെ, കുറച്ച് പുച്ഛം വിതറി, തളർത്താൻ കഴിയുകയില്ലല്ലോ.
പതിനേഴ് പുസ്‌തകങ്ങൾ എഴുതി. രണ്ടു നോവലുകൾ രണ്ടാം പതിപ്പ് ആയി, ഒരു നോവൽ മൂന്നാം പതിപ്പ് വന്നു. ഒരു ചെറുകഥാ സമാഹാരം രണ്ട് പതിപ്പ് ആയി. ആത്മകഥാക്കുറിപ്പുകളിലെ രണ്ട് പുസ്തകങ്ങൾ രണ്ടാം പതിപ്പ് ആയപ്പോൾ ആത്മകഥ പത്ത് പതിപ്പ് വന്നു കഴിഞ്ഞു.
പല എഴുത്തുകാർക്കും ഒപ്പം പന്ത്രണ്ടോളം പുസ്തകങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ മിക്കവാറും മാസികകളിലും വാരികകളിലും ഒരിക്കലെങ്കിലും എഴുതിയിട്ടുണ്ട്.
എന്നും വായനക്കാരാണ് എന്റെ ബലം.


