തൃശൂർ: മണിക്കൂറുകൾക്കകം ജില്ലയിൽ പെയ് തിറങ്ങിയത് 112.6 മില്ലീ മീറ്റർ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക് പ്രകാരം അതിശക്ത മഴയാണിത്. കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി ശാസ്ത്ര കോളേജിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കണക്കുപ്രകാരം തിങ്കൾ പകൽ 2.30 ചൊവ്വ പകൽ 2.30വരെ 112.6 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂർ മഴയുടെ അളവാണിതെങ്കിലും ചൊവ്വാഴ്ച രാവിലെ ഏഴുമുതലാണ് മഴ ശക്തമായത്. മൂന്നുമണിക്കൂറോളം അതിശക്തമായ മഴയും കാറ്റും മിന്നലും ഉണ്ടായി. പിന്നീട് അൽപ്പം ശമനമുണ്ടായി. ചൊവ്വ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ കാലവർഷത്തിൽ ജില്ലയിൽ 1881 മില്ലീ മീറ്റർ മഴ പെയ്തു. 32 ശതമാനം അധികം മഴയാണ് ലഭിച്ചത്. ഈ വർഷം മെയ് 24 മുതൽ കാലവർഷമെത്തി. മേയിൽ 405 മില്ലീമീറ്റർ മഴ പെയയ്തു. ജൂൺ ഒന്നുമുതൽ ഇതുവരെ 1419.1 മില്ലീ മീറ്റർ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൾ വ്യക്തമാക്കുന്നു.ഈ വർഷം മെയ് 26ന് 118.2 മില്ലീ മീറ്റർ മഴ ലഭിച്ചിരുന്നു. അതിനുശേഷം 100 മില്ലീ മീറ്ററിനു മുകളിൽ മഴ ലഭിച്ചത് ചൊവ്വാഴ്‌ചയാണ്.


